Sorry, you need to enable JavaScript to visit this website.

ആള്‍ക്കൂട്ട കൊല തടയാനുള്ള സമിതിയുടെ അധ്യക്ഷന്‍ അമിത് ഷാ

ന്യൂദല്‍ഹി- ആള്‍ക്കൂട്ട ശിക്ഷ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച മന്ത്രിമാരുടെ സമിതി പ്രവര്‍ത്തനം തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി അമിത് ഷാ മന്ത്രിമാരുടെ സമിതിക്ക് നേതൃത്വം നല്‍കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. രണ്ടു തവണയാണ് സമതി യോഗം ചേര്‍ന്നത്.  പുനഃസംഘടിപ്പിക്കേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സമിതി ചേര്‍ന്നിട്ടില്ല.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, സാമൂഹികക്ഷേമ മന്ത്രി തവര്‍ ചന്ദ് ഗഹ് ലോട്ട് എന്നിവരാണ് സമിതി അംഗങ്ങള്‍.
ആള്‍ക്കൂട്ടം ശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍ക്കൊള്ളുന്ന 2018 ജൂലൈയിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കന്‍ നിര്‍ദേശം നല്‍കണമെന്ന ഹരജിയില്‍ കഴിഞ്ഞയാഴ്ച പരമോന്നത നീതിപീഠം കേന്ദ്ര സര്‍ക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും സസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസയച്ചിരുന്നു.
ആള്‍ക്കൂട്ട ശിക്ഷകള്‍ അന്വേഷിക്കാനും തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും മന്ത്രിമാരുടെ സമിതിയെ നിയോഗിച്ചതായി ഈ മാസം 24 ന് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി രാജ്യസഭയെ അറിയിക്കുകയും ചെയ്തു.

ആള്‍ക്കൂട്ട ശിക്ഷ തടയാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം തന്നെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ 2018 സെപ്റ്റംബറില്‍ മന്ത്രിതല സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ സമൂഹ മാധ്യമങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നത്. ആള്‍ക്കൂട്ട ശിക്ഷകളിലേക്ക് നയിക്കുന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് വാട്‌സാപ്പും ഫേസ് ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിരുന്നത്.

2018 മേയിലും ജൂണിലും മാത്രം 20 പേരാണ് സമൂഹ മാധ്യമങ്ങളിലെ വ്യാജ പോസ്റ്റുകളുടെ മറവില്‍ ആക്രമിക്കപ്പെട്ടിരുന്നത്. ആള്‍ക്കൂട്ടം ശിക്ഷ നടപ്പാക്കുന്നതിന്റെ പ്രത്യേക കണക്ക് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ ഇല്ല. കൊലപാതകങ്ങളുടെ കൂട്ടത്തിലാണ് ആള്‍ക്കൂട്ട ശിക്ഷയേയും ബ്യൂറോ ഉള്‍പ്പെടുത്തുന്നത്.

 

Latest News