ന്യൂദൽഹി- മുത്തലാഖ് നിരോധ ബിൽ ചർച്ചക്കിടെ സ്പീക്കറുടെ കസേരയിലിരുന്ന ബി.ജെ.പി എം.പി രമാദേവിക്കെതിരേ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി എം.പി അസംഖാൻ ലോക്‌സഭയിൽ മാപ്പു പറഞ്ഞു. ഇന്നലെ സഭ ചേർന്ന ഉടൻ തന്നെ അസംഖാൻ എഴുന്നേറ്റ്‌നിന്ന് മാപ്പു പറഞ്ഞു. എന്നാൽ മാപ്പ് പറഞ്ഞത് കേട്ടില്ലെന്നും ഒന്നുകൂടി പറയിക്കണം എന്നും ബി.ജെ.പി എം.പിമാരും രമാദേവിയും പാർലമെന്ററികാര്യ മന്ത്രിയും ഉൾപ്പെടെ വാശി പിടിച്ചതോടെ ഇതിന് വഴങ്ങിയ സ്പീക്കർ ഒരു വട്ടം കൂടി മാപ്പു പറയാൻ അസംഖാനോടു നിർദേശിച്ചു. അങ്ങനെ രണ്ടാമതും അസംഖാൻ മാപ്പു പറഞ്ഞു.
സ്ത്രീവിരുദ്ധ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധമുയർന്നതോടെയാണിത്. ഇന്നലെ ലോക്‌സഭ ആരംഭിക്കും മുൻപ് അസംഖാനും എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവും സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ സഭാനടപടികൾ തുടങ്ങിയപ്പോൾ തന്നെ അസംഖാനെ സംസാരിക്കാൻ സ്പീക്കർ അനുവദിച്ചു. താൻ ഒമ്പത് തവണ എം.എൽ.എയായിരുന്നു. നിരവധി തവണ മന്ത്രിയുമായിട്ടുണ്ട്. രാജ്യസഭയിലും അംഗമായിരുന്നു. തന്റെ സ്വഭാവവും പെരുമാറ്റവും എല്ലാവർക്കുമറിയാം. എങ്കിലും വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു പറയുന്നു എന്നാണ് അസംഖാൻ പറഞ്ഞത്.
അതേസമയം, അസംഖാന്റെ മാപ്പ് സ്വീകരിക്കാൻ രമാദേവി തയാറായില്ല. പരാമർശം രാജ്യത്തെയും സ്ത്രീകളെയും മുറിവേൽപിച്ചു.
അദ്ദേഹത്തിന് അത് മനസ്സിലാകില്ല. ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നയാളാണ് അസംഖാൻ. തോന്നുന്നതെല്ലാം വിളിച്ചുപറയുന്ന സ്വഭാവം മാറ്റിയേ തീരൂ. ഞാൻ ഈ സഭയിൽ വന്നത് അത്തരം വാക്കുകൾ കേൾക്കാനല്ലെന്നും രമാദേവി പറഞ്ഞു.
വനിത പാർലമെന്റംഗങ്ങളെയും സ്ത്രീ സമൂഹത്തെയുമാണ് അസംഖാൻ അപമാനിച്ചതെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും പറഞ്ഞു.
ഇതിനിടെ അസംഖാനെ പ്രതിരോധിക്കാനായി അഖിലേഷ് യാദവ് എഴുന്നേറ്റെങ്കിലും രമാദേവിയുൾപ്പെടെയുള്ളവർ ശക്തമായി എതിർത്തു. ബി. ജെ.പി എം.എൽ.എ പ്രതിയായ ഉന്നോവ പീഡന കേസ് ഉന്നയിച്ചായിരുന്നു അഖിലേഷ് യാദവിന്റെ പ്രസംഗം.