കാബൂൾ- അഫ്ഗാനിസ്ഥാനിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ഓഫീസിനു സമീപം നടന്ന ഉഗ്ര സ്ഫോടനത്തിലും കനത്ത വെടിവെപ്പിലും ഇരുപത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈസ്പ്രസിഡന്റ് സ്ഥാനാർത്ഥി അംറുള്ളാ സ്വാലിഹിന്റെ വീടിനു ഓഫീസിനു സമീപമാണ് ഏറ്റുമുട്ടലും സ്ഫോടനവും അരങ്ങേറിയത്. സംഭവത്തിൽ ഇരുപത് ആളുകൾ കൊല്ലപ്പെട്ടതിന് പുറമെ 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വൈസ്പ്രസിഡന്റ് സ്ഥാനാർഥിയായ അംറുള്ളാ സ്വാലിഹിനും പരിക്കുണ്ട്. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സ്വന്തക്കാരനാണ് അംറുള്ളാഹ് സ്വാലിഹ്
ഞായറാഴ്ച്ചയാണ് രാജ്യത്തെ നടുക്കിയ സ്ഫോടനവും വെടിവെപ്പും അരങ്ങേറിയത്. അംറുള്ളാ സ്വാലിഹിന്റെ ഓഫീസിൽ ചാവേറായി എത്തിയവരെ അഫ്ഗാൻ സൈന്യം വധിച്ചു. തിരക്കേറിയ സമയത്ത് ഓഫീസിൽ കയറിപ്പറ്റി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു ഇവരുടെ ശ്രമം. ആറു മണിക്കൂർ നീണ്ട കനത്ത പോരാട്ടത്തിന് ശേഷം പ്രദേശത്ത് കുടുങ്ങി കിടന്ന 150 ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല. അഷ്റഫ് ഗനിയും അംറുള്ളാ സ്വാലിഹും അടക്കം ഒരു ഡസനിലധികം അഫ്ഗാൻ രാഷ്ട്രീയ നേതാക്കൾ ചേർന്ന് രണ്ട് മാസത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഫോടനവും ആക്രമണങ്ങളും അരങ്ങേറിയത്.