ന്യൂദൽഹി- രാജ്യസഭയിൽ പുക ഉയർന്നതിനെ തുടർന്ന് രാജ്യസഭാ നടപടികൾ നിർത്തിവെച്ചു. നാലാം നിരയിൽ ഇരിക്കുകയായിരുന്ന അൽഫോൺസ് കണ്ണന്താനത്തിന്റെ സീറ്റിൽനിന്നാണ് പുക ഉയർന്നത്. കണ്ണന്താനം തന്നെയാണ് ഇക്കാര്യം പരാതിപ്പെട്ടത്. തുടർന്ന് രാജ്യസഭ പതിനഞ്ച് മിനിറ്റ് നേരത്തേക്ക് നിർത്തിവെച്ചു. ട്രഷറി ബഞ്ചിന് സമീപത്തുള്ള സീറ്റിലെ വോട്ടിംഗിനും മൈക്ക് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കീ ബോർഡിൽനിന്നാണ് പുക ഉയർന്നത്. മുൻ മന്ത്രിയും മുൻ എം.പിയുമായിരുന്ന എസ്. ജയ്പാൽ റെഡ്ഢിയുടെ മരണത്തിൽ അനുശോചനവും ഇന്തോനേഷ്യയിൽ നടന്ന ബോക്സിംഗ് ചാംപ്യൻഷിപ്പിൽ മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിക്കുകയും ചെയ്ത ശേഷമായിരുന്നു പുക ഉയർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണം.