മുംബൈ- നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻ.സി.പി)ക്ക് തിരിച്ചടിയായി മഹാരാഷ്ട്രയിൽ എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു. വൈഭവ് പിച്ചാഡ് എം.എൽ.എയാണ് ബി.ജെ.പിയിൽ ചേർന്നത്. എം.എൽ.എ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുതിർന്ന എൻ.സി.പി നേതാവും മുൻ മന്ത്രിയുമായ മധുകർ പിച്ചാഡിന്റെ മകനാണ് വൈഭവ്. രണ്ടു ദിവസം മുമ്പാണ് എൻ.സി.പി മുംബൈ യൂണിറ്റ് നേതാവ് സചിൻ ആഹിർ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയിൽ ചേർന്നത്. അഹമ്മദ് നഗറിലെ തന്റെ അനുയായികളുടെ യോഗം വിളിച്ചുകൂട്ടുകയും ഭൂരിപക്ഷാഭിപ്രായപ്രകാരമാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്നും വൈഭവ് പിച്ചാഡ് വ്യക്തമാക്കി. തന്റെ മണ്ഡലത്തിലെ പ്രശ്‌നങ്ങളെല്ലാം ഉടൻ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് ഉറപ്പുനൽകിയതായി വൈഭവ് അറിയിച്ചു. എൻ.സി.പിയുടെ വനിതാവിഭാഗം നേതാവ് ചിത്ര വാഗും കഴിഞ്ഞദിവസം ശിവസേനയിൽ ചേർന്നിരുന്നു.