റാഞ്ചി- ജാർഖണ്ഡിൽ കോൺഗ്രസ് എം എൽ എയെ നിർബന്ധിച്ച് മന്ത്രി ജയ്ശ്രീറാം വിളിപ്പിക്കാൻ ശ്രമിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. ജാർഖണ്ഡ് നഗരവികസന, പാർപ്പിട ഗതാഗത മന്ത്രി സി പി സിങാണ് കോൺഗ്രസ് എം എൽ എ ഇർഫാൻ അൻസാരിയെ പിടിച്ചു നിർത്തി ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിപ്പിച്ചത്. നിയമസഭയുടെ പുറത്ത് തൊട്ടടുത്തായി നടന്ന സംഭവം ഏറെ ഞെട്ടലോടെയാണ് രാജ്യം കണ്ടത്. ശരീരത്തിൽ പിടിച്ച് ഇർഫാൻ ഭായി ജയ്ശ്രീറാം എന്ന് ഉറക്കെ പറയൂ എന്ന് സി പി സിങ് നിർബന്ധിപ്പിക്കുന്നതാണ് വീഡിയോ. തുടർന്ന് പൂർവ്വികർ റാം വിശ്വാസികളായിരുന്നു ബാബർ അനുയായികളല്ലായിരുന്നെന്നും ഇദ്ദേഹം വിളിച്ചു പറയുന്നുണ്ട്. എന്നാൽ, ഭയപ്പെടുത്താൻ വേണ്ടിയാണ് നിങ്ങൾ രാമന്റെ പേര് ഉപയോഗിക്കുന്നത്. രാമന്റെ പേര് നിങ്ങൾ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ജോലി, വൈദ്യുതി, വെള്ളം, ഡ്രെയിനേജ് എന്നിവയാണ് നമുക്ക് ആവശ്യമെന്ന് അൻസാരി എം എൽ എയും പറയുന്നുണ്ട്.
നിങ്ങളെ ഭയപ്പെടുത്താനല്ല ഞാൻ ഇത് പറയുന്നത്. നിങ്ങളുടെ പൂർവ്വികർ 'ജയ് ശ്രീ റാം' എന്ന് ചൊല്ലിയത് മറക്കരുത്. തൈമൂർ, ബാബർ, ഗസ്നി എന്നിവരല്ല നിങ്ങളുടെ പൂർവ്വികർ. നിങ്ങളുടെ പൂർവ്വികർ ശ്രീ റാം അനുയായികളായിരുന്നുവെന്നു സിപി സിംഗ് പറഞ്ഞു. അതേസമയം സംഭവം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും തമാശയിലായിരുന്നുവെന്നുമാണ് സംസ്ഥാന ബി ജെ പി നേതാക്കളുടെ നിലപാട്. ജയ്ശ്രീറാം ന്റെ പേരിൽ രാജ്യത്ത് അവസാനമായി നടക്കുന്ന ഭീഷണിയാണിത്. നിയമ നിർമ്മാണ സഭ പ്രതിനിധികൾക്ക് വരെ ഇത് നേരിടേണ്ടി വരുന്നത്രാജ്യത്തിന്റെ ഭീതിതമായ അവസ്ഥയാണ് വിളിച്ചോതുന്നത്. ആൾക്കൂട്ട കൊലപാതകങ്ങൾക്കും ജയ്ശ്രീറാം വിളിച്ചുള്ള ആക്രമണങ്ങളും പതിവായ ജാർഖണ്ഡിൽ നിന്ന് തന്നെ ഉന്നതരിൽ നിന്ന് നേരിട്ട് ഇത് ഉണ്ടായത് ഏറെ ഭയാനകരമാണ്. കഴിഞ്ഞ മാസം ഇതേ വിഷയത്തിൽ മുസ്ലിം യുവാവിനെ അടിച്ചു കൊലപ്പെടുത്തിയിരുന്നു.