ബംഗളൂരു- കർണാടകയിൽ അധികാരമേൽക്കാൻ ബി.ജെ.പി തീരുമാനിച്ചു. ഇന്ന് വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ബി.ജെ.പി നേതാവ് യെഡിയൂരപ്പ വ്യക്തമാക്കി. സർക്കാരുണ്ടാക്കാൻ യദ്യൂരപ്പയെ ഗവർണർ ക്ഷണിക്കുകയായിരുന്നു. 16 വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുന്നതുവരെ കർണാടകയിൽ സർക്കാർ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ യെഡിയൂരപ്പ തന്നെ മുന്നിട്ടിറങ്ങിയത്.
കർണാടക രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബി.ജെ.പി വക്താവ് ജി. മധുസൂധൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം, മൂന്ന് വിമത എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. കോൺഗ്രസും ജെ.ഡി.എസും സ്പീക്കർക്കു ശുപാർശ നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അയോഗ്യത. മൂന്നു ദിവസം മുമ്പാണ് വിമത എം.എൽ.എ മാർ കൂറുമാറിയതിനെ തുടർന്ന് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമൊഴിഞ്ഞത്.
താനിപ്പോൾ പ്രതിപക്ഷ നേതാവാണെന്നും എം.എൽ.എമാരുടെ യോഗം വിളിച്ച് നേതാവിനെ തെരഞ്ഞെടുക്കേണ്ട കാര്യമില്ലെന്നും യെഡിയൂരപ്പ വ്യക്തമാക്കി. 76 കാരനായ യെഡിയൂരപ്പ രണ്ടു തവണ കർണാടക മുഖ്യമന്ത്രിയായിരുന്നെങ്കിലും ഒരിക്കലും കാലാവധി പൂർത്തിയാക്കിയിരുന്നില്ല. ആദ്യവട്ടം അഴിമതിക്കേസിനെ തുടർന്നു പുറത്തുപോയ യെഡിയൂരപ്പ രണ്ടാംവട്ടം 48 മണിക്കൂർ മാത്രമേ മുഖ്യമന്ത്രിയായി പ്രവർത്തിച്ചിരുന്നുള്ളൂ.