Sorry, you need to enable JavaScript to visit this website.

ഇറാൻ പിടികൂടിയ കപ്പലിലെ ഇന്ത്യക്കാരിൽ 9 പേരെ മോചിപ്പിച്ചു

ന്യൂദൽഹി- ഇറാൻ പിടികൂടിയ കപ്പലിലെ 9 പേരെ മോചിപ്പിച്ചു. ജൂലൈ ആദ്യത്തിൽ ഇറാൻ പിടികൂടിയ എം ടി റിയ എന്ന കപ്പലിലെ 12 ഇന്ത്യക്കാരിലെ ഒൻപത് പേരെയാണ് വ്യാഴാഴ്ച്ച മോചിപ്പിച്ചതെന്നു അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം, രണ്ടു കപ്പലുകളികളായി നിലവിൽ 21 ഇന്ത്യക്കാർ ഇപ്പോഴും ഇറാൻ കസ്‌റ്റഡിയിൽ ഉണ്ട്. ഇവരിൽ മലയാളികളും ഉൾപ്പെടുമെന്നാണ് വിവരം. എം ടി റിയ എന്ന കപ്പലിൽ മൂന്ന് പേരും ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെന ഇമ്പെറോയിലെ പതിനെട്ടുപേരുമാണ് ഇറാൻ കസ്‌റ്റഡിയിലുള്ളത്. കൂടാതെ, ബ്രിട്ടന്റെ കസ്‌റ്റഡിയിലുള്ള ഇറാൻ എണ്ണക്കപ്പൽ ഗ്രെയ്‌സ് വൺ കപ്പലിൽ 24 ഇന്ത്യക്കാർ ബ്രിട്ടന്റെ കസ്‌റ്റഡിയിലുമുണ്ട്. 
      ഇക്കഴിഞ്ഞ പതിനാലിനാണ് എം ടി റിയ എന്ന കപ്പൽ ഹോർമുസ് സഞ്ചാര പാതയിൽ നിന്നും കാണാതായത്. യു എ ഇ കപ്പലാണ് കാണാതായതെന്ന വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീടാണ് പനാമ പതാകയുമായെത്തിയ കപ്പലാണ് കാണാതായതെന്ന് വ്യക്തമായത്. എം ടി റിയ കപ്പൽ തങ്ങളുടേതല്ലെന്ന് യു എ ഇ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. കപ്പൽ സഞ്ചാരത്തിനിടെ കപ്പലുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. എന്നാൽ, പിന്നീടാണ് ഇത് ഇറാൻ കസ്റ്റഡിയിൽ ആണെന്ന് വ്യക്തമായത്. ഇതിൽ ഉൾപ്പെട്ട പന്ത്രണ്ടു ഇന്ത്യക്കാരിലെ ഒൻപത് പേരെയാണ് ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നത്. 
       അതേസമയം, ഇറാൻ കസ്റ്റഡിയിലുള്ള ബ്രിട്ടൻ എണ്ണക്കപ്പൽ സ്റ്റെന ഇമ്പെറോ കപ്പലിലെ 18 ഇന്ത്യക്കാരെ കാണാൻ ഇന്ത്യൻ കോൺസുലർക്ക് ഇറാൻ അവസരം  നൽകിയിട്ടുണ്ട്.. തെഹ്‌റാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് സ്റ്റെന ഇമ്പെറോ കപ്പലിലെ ഇന്ത്യക്കാരെ സന്ദർശിക്കാൻ ഇറാൻ അനുമതി നൽകിയെന്ന് മുരളീധരൻ വ്യക്തമാക്കി. അതേസമയം, ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ പിടികൂടിയ ഇറാനിയന്‍ എണ്ണ ടാങ്കർ ഗ്രെയ്‌സ് വൺ കപ്പലിലെ നാവികരെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ കോണ്‍സല്‍ അനില്‍ നൗട്യാല്‍ സന്ദര്‍ശിച്ചു. നാവികരുടെ മോചനത്തിനായുളള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം നാവികരെ അറിയിച്ചു. ഇതിനായുള്ള രേഖകള്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ തയാറാക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അറിയിച്ചു. ഇരുകപ്പലിലെയും ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം സർക്കാർ തുടരുകയാണ്. 

Latest News