ന്യൂദല്‍ഹി- ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ പിടികൂടിയ ഇറാനിയന്‍ എണ്ണ ടാങ്കറിലെ നാവികരെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ കോണ്‍സല്‍ അനില്‍ നൗട്യാല്‍ സന്ദര്‍ശിച്ചു. നാവികരുടെ മോചനത്തിനായുളള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം നാവികരെ അറിയിച്ചു. ഇതിനായുള്ള രേഖകള്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ തയാറാക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അറിയിച്ചു.
ബ്രിട്ടന്‍ പിടികൂടിയ എണ്ണടാങ്കര്‍ ഗ്രേസ്1-ലെ നാലു നാവികരെ അറസ്റ്റു ചെയ്തുവെന്നും ഇവരെ ജാമ്യത്തില്‍ വിട്ടുവെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. 24 ഇന്ത്യന്‍ നാവികരാണ് കപ്പലിലുള്ളത്. ഇന്ത്യക്കാര്‍ക്ക് പുറമേ റഷ്യ, ലാത് വിയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ 28 പേരും കപ്പലിലുണ്ട്. ജൂനിയര്‍ ഓഫിസറായ വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍ (27), ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രദീഷ് എന്നിരാണ് കപ്പലിലുള്ള മലയാളികള്‍.
രണ്ടാഴ്ച മുമ്പാണ് സിറിയയിലേക്ക് എണ്ണയുമായി പോകുകയായിരുന്ന ടാങ്കര്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്നു പിടികൂടിയത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനാണ് കപ്പല്‍ പിടിച്ചതെന്ന് ബ്രിട്ടന്‍ വിശദീകരിക്കുന്നു. ഇതിനു പകരമായാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡ് പിടിച്ചത്.