- പൈലറ്റ് ചട്ടങ്ങൾ പാലിച്ചില്ലെന്ന് ഡി.ജി.സി.എ
ന്യൂദൽഹി- പശ്ചിമ ബംഗാളിലെ ബഗഡോഗ്ര എയർപോർട്ടിൽനിന്ന് ദൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ എയർ കണ്ടീഷനിംഗ് സംവിധാനം നിലച്ചത് യാത്രക്കാരുടെ ദുരിതത്തിനും കടുത്ത പ്രതിഷേധത്തിനു കാരണമായി. ചൂട് സഹിക്കാനാവാതെ യാത്രക്കാർ കിട്ടിയ കടലാസുകൾ കൊണ്ട് വീശിയാണ് വിമാനത്തിനകത്ത് കഴിഞ്ഞത്. 168 യാത്രക്കാരുമായി എഐ-880 സുരക്ഷിതമായി തലസ്ഥാനത്തിറങ്ങി.
എ.സി തകരാറായതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ സാങ്കേതിക പ്രശ്‌നമായിരുന്നുവെന്നും അന്വേഷിച്ചു വരികയാണെന്നുമായിരുന്നു എയർ ഇന്ത്യ അധികൃതരുടെ മറുപടി.
യാത്രക്കാർ ഇൻ ഫ്‌ളൈറ്റ് മാഗസിനും വിമാന സുരക്ഷാ കാർഡുകളും ഉപയോഗിച്ച് വീശുന്ന വീഡിയോ എ.എൻ.ഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
യാത്രക്കാർ വിമാനത്തിനകത്ത് പ്രതിഷേധിച്ച കാര്യവും പരാതി നൽകിയ കാര്യവും എയർ ഇന്ത്യ അധികൃതർ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചക്ക് 1.55 നാണ് വിമാനം ബംഗാളിൽനിന്ന് പറന്നുയർന്നത്. വിമാനം പുറപ്പെട്ട് 20 മിനിറ്റ് ആയപ്പോഴേക്കും എ.സി പ്രവർത്തിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു തുടങ്ങിയിരുന്നു. അൽപ സമയത്തിനകം ശരിയാകുമെന്ന് വിമാന ജോലിക്കാർ ഉറപ്പു നൽകിയെങ്കിലും ശരിയായില്ല. ഏതാനും യാത്രക്കാർ ഓക്‌സിജൻ മാസ്‌ക് ധരിക്കാൻ ശ്രമിച്ചപ്പോഴാണ് അതും പ്രവർത്തന രഹിതമാണെന്ന് ബോധ്യപ്പെട്ടത്.
എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം നേരത്തെ വേണ്ടിയിരുന്നുവെന്നാണ് യാത്രക്കാരിൽ ചിലരുടെ പ്രതികരണം. കടത്തിൽ മുങ്ങിയ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കാൻ ബുധനാഴ്ച കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
വിമാനത്തിൽ ശ്വാസം കിട്ടാതെ യാത്രക്കാർ ദുരിതത്തിലായ വീഡിയോ വൈറലായതോടെ സംഭവം അന്വേഷിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു. വിമാനത്തിന്റെ പൈലറ്റ് അടിസ്ഥാന ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് ഡി.ജി.സി.എ വക്താവ് പറഞ്ഞു.
വിമാനം പുറപ്പെടുന്നതിന് മുമ്പ് തന്നെ എ.സി പ്രവർത്തിക്കാത്ത കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്ന് ചില യാത്രക്കാർ അറിയിച്ചിട്ടുണ്ട്. ടേക്ക് ഓഫിനു ശേഷം ശരിയാകുമെന്നായിരുന്നുവത്രേ അവർക്ക് ലഭിച്ച മറുപടി.