ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ കേരളത്തിലെ കോഴി കർഷരുടെ നിലനിൽപ് അവതാളത്തിലാകും. ജി.എസ്.ടിയുടെ വരവോടെ കേരളം അയൽ സംസ്ഥാനങ്ങളിൽനിന്നു വരുന്ന കോഴികൾക്ക് ഏർപ്പെടുത്തിയിരുന്ന പതിനാലര ശതമാനം പ്രത്യേക നികുതി ഇല്ലാതായി. ഇത് കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള കോഴികളുടെ വരവ് കൂട്ടും. നൂറുകണക്കിനു ലോറി കോഴികളായിരിക്കും ഇനി നികുതി കൊടുക്കാതെ കേരളത്തിലെത്തുക. ഇത് കേരളത്തിൽ കോഴി വില ഗണ്യമായി കുറയാൻ ഇടയാക്കും.
സംസ്ഥാനത്തെ കോഴി കർഷകരെ സഹായിക്കുന്നതിന് രാജ്യത്ത് കേരളത്തിൽ മാത്രമാണ് കോഴിക്ക് നികുതി ഏർപ്പെടുത്തി നിയന്ത്രണമേർപ്പെടുത്തിയിരുന്നത്. കേരളത്തിലെ ചെറുകിട കോഴി കർഷകർക്കിത് ഏറെ ആശ്വാസമാണ് നൽകിയിരുന്നത്. കേരളത്തിലേക്ക് കൊണ്ടുവരുന്ന കോഴിക്കുഞ്ഞിനും നികുതി ഏർപ്പെടുത്തിയിരുന്നു. നാലു രൂപയിലധികം ഒരു കുഞ്ഞിന് നികുതി കൊടുക്കേണ്ടിയിരുന്നതിനാൽ തമിഴ്‌നാട്ടിലെയും കർണാടകയിലേയും വൻകിട കോഴി ഫാമുകൾ ഉയർത്തിയിരുന്ന ഭീഷണി ഒരു പരിധി വരെ തടയാൻ കഴിഞ്ഞിരുന്നു.
500 മുതൽ 1000 കോഴികൾ വരെയുള്ളതാണ് കേരളത്തിലെ ഒട്ടമിക്ക ഫാമുകളും. വീട്ടുവളപ്പിലോ, റബർ തോട്ടത്തിലോ ആണ് ഇതിനായി ഇടം കണ്ടെത്തിയിരുന്നത്. ഭാര്യയും കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങൾ എല്ലാവരും ഇവിടെ സമയം പോലെ ജോലി ചെയ്യുന്ന രീതിയാണുള്ളത്. എന്നാൽ തമിഴ്‌നാട്ടിലും കർണാടകയിലും വൻകിട ഫാമുകളിലാണ് ഇറച്ചിക്കോഴികളെ വളർത്തുന്നത്. കേരളത്തിൽ നികുതി നിയന്ത്രണം വന്നതോടെ കേരള അതിർത്തിയിലെ ഫാമുകൾ പലതും നിർത്തിയിരുന്നു. എന്നാൽ ജിഎസ്ടി നടപ്പാവുമെന്ന് ഉറപ്പായതോടെ ഈ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ നിറക്കുകയായിരുന്നു. കേരളത്തിലേക്കു കോഴി കൂടുതൽ വരുന്ന നാമക്കൽ, പൊള്ളാച്ചി, പല്ലടം പ്രദേശങ്ങളിൽ ഇറച്ചിക്കോഴി വിൽപനക്ക് തയ്യാറായി നിൽക്കുകയാണ്. കർണാടകയിലെ കേരള അതിർത്തിയിലും സ്ഥിതിഗതികൾ സമാനമാണ്. നികുതി നിയന്ത്രണം നിലനിന്നപ്പോഴും മൂന്നു കോടി രൂപയോളം നികുതിയായി സംസ്ഥാനത്തിന് പ്രതിദിനം ലഭിച്ചിരുന്നു. ജി.എസ്.ടിയുടെ വരവോടെ സംസ്ഥാനത്തിന്റെ വരുമാനവും ഇല്ലാതാകും. അയൽ സംസ്ഥാനങ്ങളിലെ വൻകിടക്കാരുടെ കേരളത്തിലെ ഏജൻറുമാരും തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ നിരവധി വാഹനങ്ങൾ കോഴികളുമായി കേരളത്തിലെത്താനിടയുണ്ട്. അതുകൊണ്ട് വരും ദിവസങ്ങളിൽ വില കുത്തനെ താഴുവാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ കാലിക്കടത്ത് പ്രതിസന്ധി നേരിടുന്നതും മറ്റിനം ഇറച്ചിക്ക് വില കൂടുതൽ ആണെന്നതും കോഴിക്ക് ഡിമാന്റ് കൂട്ടും. 130-140 ൽ നിൽക്കുന്ന ഇപ്പോഴത്തെ കോഴി വില ആദ്യ മാസത്തിൽ തന്നെ 70 രൂപയിലേക്ക് താഴുമെന്നാണ് സൂചന. വില താഴുന്നതോടെ കേരളത്തിലെ ചെറുകിട കോഴി കർഷകർക്ക് പിടിച്ചു നിൽക്കുക പ്രയാസകരമായി മാറും. ശരാശരി 700 ടൺ ഇറച്ചിക്കോഴിയാണ് ദിനംപ്രതി കേരളത്തിന്റെ ഉപഭോഗം. എന്നാൽ ആവശ്യമുള്ളതിന്റെ നാലിൽ ഒരു ഭാഗം മാത്രമാണ് കേരളത്തിന്റെ ഉൽപാദനം. ബാക്കി കർണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നത്. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്തെ കോഴി ഉൽപാദനം വർധിച്ചിരുന്നു. നിലവിൽ പ്രതിമാസം സംസ്ഥാനത്തെ കോഴി വിപണികളിൽ 400 കോടി രൂപയുടെ ഇടപാടുകൾ നടക്കുന്നുണ്ട്. ഇതിന്റെ നിയന്ത്രണം ഏതാണ്ട് പൂർണമായും സംസ്ഥാനത്തിന് പുറത്തുള്ളവരുടെ കൈയിലേക്ക് പോകാനാണ് സാധ്യത.