Sorry, you need to enable JavaScript to visit this website.

കർണാടകയിൽ രാഷ്ട്രപതി ഭരണം വന്നേക്കും; ന്യൂനപക്ഷ സർക്കാറുണ്ടാക്കില്ലെന്ന് ബി.ജെ.പി

ബംഗളുരു- കർണാടകയിലെ പതിനാറ് വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുന്നതുവരെ സർക്കാർ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി. ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ തയ്യാറല്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ കർണാടക രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്നും ബി.ജെ.പി വക്താവ് ജി. മധുസൂധൻ പറഞ്ഞു. വിമത എം.എൽ.എമാരുടെ രാജി സ്വീകരിക്കാനോ തള്ളാനോ സ്പീക്കർ കൂടുതൽ സമയം എടുക്കുകയാണെങ്കിൽ അത്തരമൊരു സാഹചര്യത്തിൽ ഞങ്ങൾ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കില്ല. അതുകൊണ്ട് സംസ്ഥാനത്ത് ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യും. ' മധുസുധൻ പറഞ്ഞു. കോൺഗ്രസിലെ 13 എം.എൽ.എമാരും ജെ.ഡി.എസിൽ നിന്നുള്ള മൂന്ന് എം.എൽ.എമാരുമാണ് സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. സ്പീക്കർ ഇവരുടെ രാജി സ്വീകരിക്കുന്നതുവരെ ഇവർ നിയമസഭയിലെ അംഗങ്ങളായി തുടരുകയും സഭയിലെ അംഗബലം നാമനിർദേശം ചെയ്യപ്പെട്ട അംഗം അടക്കം 225 ആയി നിലനിൽക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കണണമെങ്കിൽ 113 പേരുടെ പിന്തുണ വേണം. രണ്ട് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയുണ്ടായാലും പുതിയ സർക്കാർ രൂപീകരിച്ച് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ ഭൂരിപക്ഷത്തിലെത്താൻ ബി.ജെ.പിക്ക് ആറുപേരുടെ കുറവുവരും. ഇങ്ങിനെ വന്നാൽ അസംബ്ലി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് വേണ്ടി വരും.
 

Latest News