Sorry, you need to enable JavaScript to visit this website.

ഒറ്റ നികുതി: വ്യാപാര മേഖലയിൽ അനിശ്ചിതത്വം

കൊച്ചി- ചരക്ക് സേവന നികുതി ഏകീകരിച്ചുകൊണ്ട് രാജ്യം ഒറ്റ നികുതിയിലേയ്ക്ക് പ്രവേശിച്ചുവെങ്കിലും  പുതിയ സമ്പ്രദായത്തെ കുറിച്ച് വ്യക്തമായ ചിത്രത്തിനായി കാത്തിരിക്കുകയാണ് വ്യാപാര രംഗം. സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലെങ്കിലും ജി.എസ്.ടിയെ കുറിച്ച് ചർച്ച ചെയ്യാൻ വാണിജ്യ സംഘടനകൾ അടുത്ത ദിവസങ്ങളിൽ വ്യത്യസ്ത യോഗങ്ങൾ ചേരുന്നുണ്ട്.  വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും ബില്ലിങിൽ ആശയക്കുഴപ്പം തുടരുകയാണ്. 
കാർഷികോൽപന്ന വിപണികളിലും പ്രതിസന്ധി നിലനിൽക്കുന്നതിനാൽ മധ്യവർത്തികൾ ചരക്ക് സംഭരണത്തിൽ നിന്ന് പിന്നോക്കം മാറി. കൊച്ചി ടെർമിനൽ മാർക്കറ്റിൽ സുഗന്ധവ്യഞ്ജനങ്ങളുടെ വരവ് ഇത് മൂലം കുറഞ്ഞു. 
വളരെ കരുതലോടെയാണ് കയറ്റുമതി സമൂഹവും അന്തർസംസ്ഥാന വ്യാപാരികളും ഉൽപന്നങ്ങൾ ശേഖരിക്കുന്നത്. വിൽപനക്കാരന്, അല്ലെങ്കിൽ കർഷകന് അഞ്ച് ശതമാനം ജി.എസ്.ടി നൽകി ഉൽപന്നം ശേഖരിച്ചാലും നികുതി കർഷകർ അടച്ചില്ലെങ്കിൽ ചരക്ക് ശേഖരിച്ചവർ നിയമ നടപടികളെ അഭിമുഖീകരികേണ്ടി വരുമെന്ന ഭീതിയിലാണ് പല വൻകിട വ്യാപാരികളും.
സുഗന്ധവ്യഞ്ജനങ്ങളാണെങ്കിൽ കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് കയറ്റിവിട്ടാൽ പിന്നെ ചരക്ക് പല കൈകൾ മറിഞ്ഞാവും വിവിധ വിപണികളിൽ എത്തുന്നത്. സംസ്ഥാനത്ത് നിലനിന്ന വാറ്റ് സമ്പ്രദായത്തിൽ അടച്ച വൻതുകകൾ ഇനിയും തിരിച്ചു ലഭിക്കാത്തതും വാണിജ്യമേഖലയെ സാമ്പത്തികമായി തളർത്തുന്നു. പല മൊത്ത വ്യാപാരികൾക്കും മുപ്പതും നാൽപതും ലക്ഷം രൂപ വരെ ഖജനാവിൽ നിന്ന് തിരിച്ചു കിട്ടാനുണ്ട്. ഇതിനിടയിലെ ജി.എസ്.ടിയെ കുറിച്ചുള്ള ആശങ്കകൾ ഇടപാടുകരെ കൂടുതൽ അസ്വസ്ഥരാക്കുന്നു. അടുത്ത ദിവസങ്ങളിൽ വിപണികളിലെ പ്രതിസന്ധികൾക്ക് അയവ് കണ്ട് തുടങ്ങുമെന്ന നിഗമനത്തിലാണ് വ്യാപാരികൾ.
കുരുമുളകിന് ശനിയാഴ്ച ക്വിന്റലിന് 100 രൂപ വർധിച്ചു. അതേ സമയം മറ്റ് പല സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിൽ മാറ്റം സംഭവിച്ചില്ല. പല ഗോഡൗണുകളിലും ഉയർന്ന അളവിൽ കാർഷികോൽപന്നങ്ങളുടെ നീക്കിയിരിപ്പുണ്ട്. ഇവയുടെ നികുതി ഏത് വിധേനയാവുമെന്ന കാര്യത്തിലും വ്യാപാരികൾക്ക് വ്യക്തതയില്ല. ഇതിനിടയിൽ ജി.എസ്.ടിയുടെ വരവോടെ പല ഉൽപന്നങ്ങളുടെ വിലയിലും കുറവ് അനുഭവപ്പെടും. വൻകിട കമ്പനികൾ ഉപഭോക്താക്കൾക്ക് നിരക്ക് താഴ്ത്തി ഉൽപന്നം കൈമാറിയില്ലെങ്കിൽ കടുത്ത നടപടികൾ ധനമന്ത്രാലയം സ്വീകരിച്ചേക്കും. ഭക്ഷ്യയെണ്ണകളുടെയും പഞ്ചസാരയുടെയും നികുതിയിൽ വൻ കുറവുണ്ടാവും. അതുപോലെ തന്നെ തുണിത്തരങ്ങളുടെ കാര്യത്തിലും നികുതി കുറയുന്നത് ആശ്വാസമാവും. 
സ്വർണത്തിന്റെ കാര്യത്തിൽ നികുതി മൂന്ന് ശതമാനമാക്കി. ജി.എസ്.ടിയിൽ ആഭരണങ്ങൾക്ക് പണിക്കൂലിയുടെ അഞ്ച് ശതമാനം നൽകണം. 
അതേ സമയം മറ്റ് നികുതികളിൽ മാറ്റം വന്നതിനാൽ പവന്റെ വിലയിൽ വൻ വ്യതിയാനങ്ങൾക്ക് ജി.എസ്.ടി ഇടയാക്കില്ലെന്നാണ് വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ  തിരക്ക് അനുഭവപ്പെട്ട പല ആഭരണ ഷോറൂമുകളിലും ഇപ്പോൾ ഇടപാടുകളുടെ വ്യാപ്തി കുറഞ്ഞിട്ടുണ്ട്. 

Latest News