ന്യൂദല്‍ഹി- ലോക്‌സഭയില്‍ പാസായ യു.എ.പി.എ നിയമ ഭേദഗതിക്കെതിരെ ആഞ്ഞടിച്ച് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദില്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി. പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിച്ചിട്ടും ബില്‍ പാസയപ്പോള്‍ ഉവൈസിയുടെ വിമര്‍ശനം പ്രധാനമായും കോണ്‍ഗ്രസിനുനേരെ ആയിരുന്നു.
യു.എ.പി.എ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉവൈസിയുടെ രൂക്ഷ വിമര്‍ശം. മോഡി സര്‍ക്കാര്‍ കിരാത നിയമത്തിന് കടുപ്പം കൂട്ടിയെന്നും എന്നാല്‍ കോണ്‍ഗ്രസിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മാറി നില്‍ക്കാനാകില്ലെന്നും ഉവൈസി പറഞ്ഞു.
ഈ നിയമത്തിലൂടെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലാകണം. അപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും. അധികാരത്തിലിരുന്ന കാലത്ത് കോണ്‍ഗ്രസ് മുസ്്‌ലിംകള്‍ക്കെതിരായിരുന്നു. ഇപ്പോള്‍ ബി.ജെ.പിയും അതാണ് ചെയ്യുന്നത്. അധികാരം നഷ്ടമായപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് മുസ്്‌ലിംകളെ സഹോദരങ്ങളായി കാണുന്നത്. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരരുതെന്ന് 2008 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണെന്നും ഉവൈസി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 14,21 എന്നിവയുടെ ലംഘനമാണ് യു.എ.പി.എ ഭേദഗതിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഉവൈസി ആരോപിച്ചു. ഇത്തരം കിരാത നിയമങ്ങള്‍ പൗരന്റെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്- അദ്ദേഹം പറഞ്ഞു.