ജേണലിസ്റ്റാകാനും ക്ലിനിക്കൽ സൈക്കോളജിസ്റ്റാകാനും ആഗ്രഹിച്ച് ഒടുവിൽ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയ പെൺകുട്ടി. കണ്ണൂരുകാരിയായ ആത്മീയ രാജൻ. മൃദുഭാഷിണിയായ ഈ പെൺകുട്ടി തമിഴിലായിരുന്നു തുടക്കമിട്ടത്. പിന്നീട് മലയാളത്തിലുമെത്തി. പ്രശസ്ത പരസ്യചിത്രകാരനായ സനിൽ കളത്തിൽ സംവിധാനം ചെയ്ത മാർക്കോണി മത്തായി എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയുമായി. സിനിമാ ജീവിതത്തെക്കുറിച്ച് ആത്മീയ സംസാരിച്ചു തുടങ്ങുന്നു.
പേരിൽ തന്നെയുണ്ട് പുതുമ?
പഠന കാലത്ത് ക്ലാസിൽ ഈയൊരു പേര് പുതിയതായിരുന്നു. പേരുപോലെ ആത്മീയ കാര്യങ്ങളിൽ തൽപരയാണ്. കൃഷ്ണ വിഗ്രഹം എപ്പോഴും കൈയിലുണ്ടാകുമായിരുന്നു. ഇപ്പോഴും എവിടെ പോവുകയാണെങ്കിലും ബാഗിൽ സൂക്ഷിക്കും. അച്ഛനാണ് ഈ പേര് സമ്മാനിച്ചത്. സിനിമയിൽ ഈ പേര് മാറ്റണമെന്ന് ന്യൂമറോളജിസ്റ്റ് അമ്മയോടു പറഞ്ഞിരുന്നു. എന്നാൽ എനിക്കതിൽ വലിയ വിശ്വാസമില്ലാത്തതിനാൽ പേര് മാറ്റിയില്ല.
എങ്ങനെയായിരുന്നു സിനിമയിലെത്തിയത്?
കുട്ടിക്കാലം തൊട്ടേ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛൻ രാജൻ ഒട്ടേറെ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കൂടാതെ നന്നായി പാടുമായിരുന്നു. ഇതെല്ലാം കണ്ടിട്ടാകണം ഒരു അഭിനേത്രിയാകണം എന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ചിരുന്നു. വീട്ടിൽ ഞങ്ങൾ മൂന്നു പെൺകുട്ടികളിൽ ഇളയ കുട്ടിയായിരുന്നു ഞാൻ. ഒരു നടിയാകണമെന്ന് എപ്പോഴും പ്രാർത്ഥിക്കുമായിരുന്നു. പ്രോത്സാഹിപ്പിക്കാനൊന്നും ആരും സിനിമയിലുണ്ടായിരുന്നില്ല. ഒരിക്കലും നടക്കില്ലെന്നു കരുതിയെങ്കിലും നിയോഗം മറിച്ചായിരുന്നു.
നഴ്‌സിംഗ് പഠനം?
അമ്മയുടെ ആഗ്രഹമനുസരിച്ചാണ് നഴ്‌സിംഗിന് ചേർന്നത്. മംഗലാപുരത്തെ ശ്രീദേവി കോളേജ് ഓഫ് നഴ്‌സിംഗിലായിരുന്നു പഠനം. പഠിച്ചുതുടങ്ങിയപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങി. പഠനം പൂർത്തിയാക്കിയെങ്കിലും ആശുപത്രിയിൽ ജോലി ചെയ്യാൻ താൽപര്യമുണ്ടായിരുന്നില്ല. ഇഞ്ചക്ഷൻ കൊടുക്കാൻ പോലും പേടിയായിരുന്നു. പിന്നീട് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പഠിക്കാൻ വിദേശത്ത് പോകണമെന്ന് ആഗ്രഹിച്ചു. അപ്പോഴാണ് സിനിമയിലേയ്ക്ക് ക്ഷണമെത്തിയത്.
സിനിമാ പ്രവേശം?
സെവൻ ആർട്‌സ് മോഹൻ അങ്കിൾ അച്ഛന്റെ സുഹൃത്തായിരുന്നു. അദ്ദേഹമാണ് കൊച്ചിയിൽ ഒഡീഷനുണ്ടെന്നും പങ്കെടുക്കണമെന്നും പറഞ്ഞത്. തമിഴ് ചിത്രമായ മനംകൊത്തി പറവൈ ആയിരുന്നു ചിത്രം. ഒഡീഷനെത്തി. ഒന്നുമറിയില്ലായിരുന്നു. അവർ ക്യാമറയ്ക്കു മുന്നിൽ എന്തെല്ലാമോ ചെയ്യാൻ പറഞ്ഞു. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഒരു ധാരണയുമില്ലാത്തതിനാൽ അവർ പറയുന്നതു പോലെ ചെയ്തു. എന്തോ അവർക്കിഷ്ടമായി. അങ്ങനെ ആദ്യമായി തമിഴിൽ ശിവകാർത്തികേയന്റെ നായികയായി സിനിമയിലെത്തി.
മലയാളത്തിലെത്തിയത്?
മനംകൊത്തി പറവൈ ഒരു റൊമാന്റിക് കോമഡിയായിരുന്നു. തമിഴ്‌നാട്ടിൽ നൂറു ദിവസം കടന്ന് ഹിറ്റായ ചിത്രം. എന്നാൽ ഇതൊന്നും ഞാനറിഞ്ഞിരുന്നില്ല. ഇക്കാലത്തായിരുന്നു നഴ്‌സിംഗ് പഠനം. റോസ് ഗിറ്റാറിനാൽ എന്ന ചിത്രത്തിലായിരുന്നു മലയാളത്തിൽ തുടക്കം. തമിഴ് ചിത്രം കണ്ടിട്ടായിരുന്നു അതിലേയ്ക്കു ക്ഷണിച്ചത്. പിന്നീട് മനോജ് കാനയുടെ അമീബ എന്ന ചിത്രത്തിൽ വേഷമിട്ടു. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതത്തിന്റെ നേർകാഴ്ചയായിരുന്നു ആ ചിത്രം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ക്രിട്ടിക്‌സ് അവാർഡ് അമീബയ്ക്കു ലഭിച്ചിരുന്നു.
ജോസഫിലേയ്ക്കുള്ള വഴി?
ബാബു ജനാർദ്ദനൻ സാറാണ് ജോസഫിലേയ്ക്കു ക്ഷണിക്കുന്നത്. ചിത്രത്തിൽ സ്റ്റെല്ല എന്ന പ്രധാന കഥാപാത്രമുണ്ടെന്നു പറഞ്ഞപ്പോൾ സമ്മതിക്കുകയായിരുന്നു. എന്താണ് കഥയെന്നോ കഥാപാത്രമെന്നോ കൃത്യമായി അറിയുമായിരുന്നില്ല. എന്നാൽ അതൊരു ടേണിംഗ് പോയന്റായിരുന്നു. ബ്രില്യന്റ് സ്‌ക്രിപ്റ്റായിരുന്നു. ജീവിതം മാറ്റിമറിച്ച ചിത്രം എന്നും പറയാം. ചിത്രത്തിലെ 'പൂമുത്തോളേ...' എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.
മാർക്കോണി മത്തായി?
ജോസഫ് കണ്ടിട്ടാണ് മത്തായിയുടെ പ്രൊഡക്ഷൻ കൺട്രോളറായ ബാദുക്ക ചിത്രത്തിലേയ്ക്കു ക്ഷണിച്ചത്. സത്യത്തിൽ നല്ല പേടിയുണ്ടായിരുന്നു. ജയറാമേട്ടൻ എന്ന വലിയ നടന്റെ ജോഡിയായി അഭിനയിക്കുക. കൂടാതെ തമിഴിലെ പ്രശസ്ത താരം വിജയ് സേതുപതി ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം. ഭയത്തോടെയും ബഹുമാനത്തോടെയുമാണ് സെറ്റിലെത്തിയത്. തുടക്കത്തിൽ ഓരോ സീനും അവതരിപ്പിക്കുമ്പോൾ കൈ വിറയ്ക്കുമായിരുന്നു, ഡയലോഗും തെറ്റുമായിരുന്നു. എന്നാൽ ജയറാമേട്ടനിൽനിന്നും നല്ല സഹകരണമായിരുന്നു ലഭിച്ചത്. കൂടാതെ ചിത്രത്തിൽ ഒട്ടേറെ സീനിയർ നടന്മാരുയായിരുന്നു. അവരിൽനിന്നെല്ലാം നല്ല സപ്പോർട്ട് ലഭിച്ചു. സിനിമയെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ അവരിൽനിന്നെല്ലാം പഠിക്കാനുണ്ടായിരുന്നു.
അന്ന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പട്ടാളത്തിൽനിന്നും വിരമിച്ച ജയറാം ചേട്ടൻ സെക്യൂരിറ്റിയായി ജോലി നോക്കുന്ന ബാങ്കിൽ സ്വീപ്പർ കം കുക്കായി എത്തുകയാണ് അന്ന. മധ്യവയസ്സ് കഴിഞ്ഞ മത്തായിയും ചെറുപ്പക്കാരിയായ അന്നയും തമ്മിലുള്ള പ്രണയവും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പാട്ടിനെ ഏറെ സ്‌നേഹിക്കുന്ന മത്തായിയുടെ കൂട്ട് ഒരു റേഡിയോ ആണ്. ചെറിയ ഒരു തുരുത്തിലാണ് കഥ അരങ്ങേറുന്നത്. ആ തുരുത്തിൽ ആദ്യമായി റേഡിയോ കൊണ്ടുവന്നത് മത്തായിയായിരുന്നു. എപ്പോഴും റേഡിയോ കൈയിലുള്ളതിനാൽ നാട്ടുകാർ അയാളെ മാർക്കോണി മത്തായി എന്നു വിളിച്ചു. ഒരു തമിഴ് നടനായിത്തന്നെയാണ് വിജയ് സേതുപതിയെത്തുന്നത്. ഒരു സിനിമയുടെ പ്രൊമോഷനു വേണ്ടി കേരളത്തിലെത്തുന്ന അദ്ദേഹം എഫ്.എം സ്റ്റേഷൻ സന്ദർശിക്കുന്നതും അതുവഴി മത്തായിയുമായി അടുക്കുന്നതുമെല്ലാം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.
ജോസഫിലെ സ്റ്റെല്ലയും മത്തായിയിലെ അന്നയും?
രണ്ടും വ്യത്യസ്ത കഥാപാത്രങ്ങളാണ്. സ്വഭാവത്തിൽ പോലും സാമ്യമില്ലാത്ത വേഷം. ഏറെ വൈബ്രന്റായ ഒരു നാട്ടിൻപുറത്തുകാരിയാണ് അന്ന. തുള്ളിച്ചാടി നടക്കുന്ന ചങ്ങനാശ്ശേരി അച്ചായത്തി പെൺകുട്ടി. അന്ന ബാങ്കിലെ തൂപ്പുകാരിയാണ്. എന്നാൽ സ്റ്റെല്ല കുറച്ചുകൂടി പാകംവന്ന കഥാപാത്രമാണ്. ജോസഫിന്റെ ഭാര്യയും അയാളുടെ കുഞ്ഞിന്റെ അമ്മയുമെല്ലാമായ ഒരു കുടുംബിനിയാണവർ. എന്റെ സ്വഭാവവുമായി അന്നയ്ക്ക് യാതൊരു സാമ്യവുമില്ല. അന്നയെ പോലെ തുള്ളിച്ചാടി പെരുമാറുന്ന സ്വഭാവക്കാരിയുമല്ല. സീരിയസ് ഭാഗങ്ങളാണ് ആദ്യം ചിത്രീകരിച്ചത്. പിന്നീട് ബാങ്കിലെ സീനുകളെടുക്കാൻ കൂടുതൽ വൈബ്രന്റാകണമെന്ന് സംവിധായകൻ പറഞ്ഞുതന്നിരുന്നു.
അധികം സംസാരിക്കാത്ത പ്രകൃതം?
എന്റെ നേച്വർ അങ്ങനെത്തന്നെയാണ്. ഇങ്ങനെ ആരും സിനിമയിൽ ഇല്ലല്ലോ. കാണുന്നവരെല്ലാം നന്നായി സംസാരിക്കുന്നുണ്ടല്ലോ എന്നെല്ലാം ചിന്തിക്കാറുണ്ട്. എന്നാൽ ഞാനെത്ര വിചാരിച്ചാലും ഈ പ്രകൃതം മാറ്റാനാകുമെന്ന് തോന്നുന്നില്ല. പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലാണ്.
ഗ്ലാമറസ് വേഷങ്ങൾ?
രണ്ടുമൂന്ന് തമിഴ് ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ഗ്ലാമറസ് വേഷങ്ങൾ അവതരിപ്പിച്ചിട്ടില്ല. അതിനു പറ്റിയ രൂപമല്ല എന്റേത്. ആ ഒരു സ്‌റ്റൈലിൽ എന്നെ കാണാനാവില്ല. ഹോംലി വേഷങ്ങളോടാണ് താൽപര്യം. അത്തരം പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള അഭിനയത്തിനാണ് പ്രാധാന്യം നൽകുന്നത്.
സെലക്ടീവാണോ?
സെലക്ടീവാകാൻ ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല. അത്രമാത്രം കഥാപാത്രങ്ങൾ അവതരിപ്പിച്ചെങ്കിൽ മാത്രമേ സെലക്ടീവാകാൻ കഴിയുകയുള്ളൂ. നല്ല കഥയുടെ ഭാഗമാകുക, കിട്ടുന്ന വേഷങ്ങൾ നന്നായി അവതരിപ്പിക്കുക, മികച്ച അഭിനേത്രി എന്ന നിലയിൽ പ്രശസ്തയാകുക അതൊക്കെയാണ് ഇപ്പോഴത്തെ ലക്ഷ്യം. സിനിമ എന്തെന്ന് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.
പുതിയ ചിത്രങ്ങൾ?
ജോസഫിനു ശേഷം അശോക് ആർ നാഥിന്റെ നാമം എന്നൊരു ചിത്രത്തിൽ വേഷമിട്ടിരുന്നു. നഷ്ടപ്പെട്ടുപോകുന്ന ജീവിത മൂല്യങ്ങളുടെ വേരുകൾ തിരയുന്ന ചിത്രം. നവജാത ശിശുക്കൾ മരിച്ചുപോകുന്ന ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ആശുപത്രിയുടെ അനാസ്ഥയാണ് പ്രതിപാദ്യം. അക്കൂട്ടത്തിൽ ഒരു കുട്ടിയുടെ അമ്മയായ റീന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
രാമകൃഷ്ണൻ സംവിധാനം ചെയ്ത 'പൊങ്കൊടി നീങ്ക ഉങ്ക കാതലു'മായിരുന്നു രണ്ടാമത്തെ തമിഴ് ചിത്രം. ധനുഷ് പ്രൊഡക്ഷൻസിന്റെ വെള്ളൈ യാനൈ എന്ന തമിഴ് ചിത്രത്തിൽ വേഷമിട്ടുവരികയാണ്. സമുദ്രക്കനി സാറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കുടുംബം?
അച്ഛൻ രാജൻ കുറേക്കാലം കുവൈത്തിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. അമ്മ പത്മിനി. മൂന്നു പെൺമക്കളിൽ ഇളയ ആളാണ് ഞാൻ. ചേച്ചിമാർ വിവാഹം കഴിഞ്ഞ് കുടുംബിനികളായി കഴിയുന്നു.