ചെന്നൈ- വിദ്യാർത്ഥികളുടെ മുന്നിലിട്ട് അധ്യാപികയെ ഭർത്താവ് വെട്ടിക്കൊന്നു. തമിഴ്‌നാട് മധുരയിൽ തിരുമംഗലം പികെഎൻ ബോയ്‌സ് ഹൈസ്‌കൂളിനാണ് തിങ്കളാഴ്ച്ച വൈകുന്നേരം അതിദാരുണമായ കൊലപാതകം അരങ്ങേറിയത്. സംഭവത്തിൽ ഷോക്കേറ്റ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകി തിരിച്ചു കൊണ്ട് വരാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളിലെ സോഷ്യൽ സയൻസ് അധ്യാപിക ജി രതീദേവിയാണ് (35) കൊല്ലപ്പെട്ടത്. സ്‌കൂളിലെത്തിയ ഭർത്താവ് ഗുരു മുനീശ്വരൻ (37) ഭാര്യയെ കാണാനായി ക്ലാസിൽ എത്തുകയും ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുകയും ചെയ്‌തു. ഇതിനിടെ ക്ലാസിൽ കയറിയ ഭർത്താവ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
ഭർത്താവുമായി സ്വരച്ചേർച്ചയില്ലാത്തതിനെ തുടർന്ന് ഏതാനും മാസങ്ങളായി യുവതി സ്വന്തം മാതാപിതാക്കളുടെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് ഭാര്യയെ കാണാനായി ഭർത്താവ് വൈകീട്ട് മൂന്നരയോടെ സ്‌കൂളിലെത്തിയത്. കൊലപ്പെടുത്താനായി ഭർത്താവ് കയ്യിൽ കത്തി കരുതിയിരുന്നതായി പോലീസ് പറഞ്ഞു. ഗുരു മുരുകേശ്വരൻ ചെന്നെയിൽ എഞ്ചിനീയറായി ജോലി ചെയ്‌തു വരികയായിരിന്നു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്‌റ്റു ചെയ്‌തു. ഇരട്ടകളായ പെൺകുട്ടികളാണ് ഇരുവർക്കുമുള്ളത്.