കൊല്‍ക്കത്ത- ഫേസ് ബുക്കില്‍നിന്ന് യഥാസമയം വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്ത പോലീസിന് ആത്മഹത്യക്കൊരുങ്ങിയ വിദ്യാര്‍ഥിയെ രക്ഷിക്കാന്‍ സാധിച്ചു. ടെക്‌നോളജിയുടേയും സമൂഹ മാധ്യമത്തിന്റേയും ഫലപ്രദമായ ഉപയോഗത്തോടൊപ്പം സമൂഹ മാധ്യമത്തില്‍ നമ്മുടെ ഓരോ പോസ്റ്റും എത്ര കണിശമായി ട്രാക്ക് ചെയ്യുന്നുണ്ടെന്നു കൂടി വ്യക്തമാക്കുന്നതായി ഈ സംഭവം.
താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നാണ് ദക്ഷിണ കൊല്‍ക്കത്തയിലെ വിദ്യാര്‍ഥി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഉടന്‍ തന്നെ ഫേസ് ബുക്ക് അധികൃതര്‍ കൊല്‍ക്കത്ത പോലീസിനെ ബന്ധപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഫേസ് ബുക്ക് സംഘം ഉടന്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു.
കൊല്‍ക്കത്ത പോലീസിലെ സൈബര്‍ സെല്ലുമായാണ് അവര്‍ ബന്ധപ്പെട്ടത്. ആത്മഹത്യ ചെയ്യുമെന്ന് പോസ്റ്റ് ചെയ്ത ഐ.പി അഡ്രസ് അടക്കമുള്ള വിവരങ്ങള്‍ നല്‍കിയതിനാല്‍ പോലീസിന് ഉടന്‍ തന്നെ പിക്‌നിക്ക് ഗാര്‍ഡനിലെ വിദ്യാര്‍ഥിയുടെ വീട്ടിലെത്താന്‍ സാധിച്ചു. ഒരു മനോരോഗ വിദഗ്ധനും പോലീസിനോപ്പം ഉണ്ടായിരുന്നു.
കുറച്ചുനേരം കൗണ്‍സലിംഗ് നടത്തിയതോടെ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ചിന്ത മാറ്റാന്‍ സാധിച്ചു.
ടെക്‌നോളജി ഉപയോഗപ്പെടുത്തി വലിയൊരു ദുരന്തമാണ് ഒഴിവാക്കാന്‍ സാധിച്ചത്. ന്യൂസിലാന്‍ഡിലെ പള്ളികളില്‍ വംശീയ ഭീകരന്‍ നിരപരാധികളെ വെടിവെച്ചു കൊന്ന സംഭവത്തിന്റെ ലൈവ് സംപ്രേഷണം തടയാന്‍ സാധിക്കാതിരുന്ന ഫേസ് ബുക്ക് വലിയ പഴി കേട്ടിരുന്നു. ഇതിനു ശേഷം യഥാസമയ ട്രാക്കിംഗ് സംവിധാനം മെച്ചപ്പെടുത്തുമെന്ന് ഫേസ് ബുക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ തങ്ങളുടെ ട്രാക്കിംഗിന്റെ മികവ് ഫേസ് ബുക്ക് തെളിയിച്ചിരിക്കുന്നു.
ഫേസ് ബുക്കില്‍ ഫെയ്ക്ക് അക്കൗണ്ടുകള്‍ തുറക്കാനും ഇപ്പോള്‍ എളുപ്പമല്ല. സംശയം തോന്നിയാല്‍ നിങ്ങളുടെ ഫോട്ടോ കൂടി കൃത്യമായി വെരിഫൈ ചെയ്ത ശേഷമേ അക്കൗണ്ട് ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളൂ.