ബംഗളുരു- പ്രതിസന്ധിയൊഴിയാതെ തുടരുന്ന കർണാടക നിയമസഭയിലെ നിലവിലെ സംഭവവികാസങ്ങളിൽ മനംമടുത്തെന്നും മുഖ്യമന്ത്രി പദം ഒഴിയാൻ തയാറാണെന്നും എച്ച്.ഡി.കുമാരസ്വാമി വ്യക്തമാക്കി. സർക്കാരിന് ഈ അവസ്ഥയിൽ മുന്നോട്ടു പോകാനാകില്ല. വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്ക്കാൻ താൽപര്യമില്ലെന്നും വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി നടന്ന ചർച്ചക്കിടെ കുമാര സ്വാമി വ്യക്തമാക്കി. അതേസമയം, ആറു മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പട്ടു പരാതി നൽകിയ രണ്ടു സ്വതന്ത്ര എം എൽ മാരുടെ ഹിയറിങ് സുപ്രീം കോടതി നീട്ടി വെച്ചു.
അതിനിടെ ബംഗളുരുവിൽ അടുത്ത രണ്ടു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ചൊവ്വാഴ്ച വൈകുന്നേരം ആറു മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് നിരോധനാജ്ഞയെന്നു ബംഗളുരു പോലീസ് കമ്മീഷണർ അലോക് കുമാർ അറിയിച്ചു. മേഖലയിലെ മുഴുവൻ ബാറുകളും വൈൻ ഷോപ്പുകളും പരിധിയിൽ പെടുമെന്നും അടച്ചിടുമെന്നും അദ്ദേഹം അറിയിച്ചു. ബംഗളുരു റേസ് കോഴ്‍സ് റോഡിൽ സ്വതന്ത്രരുടെ ഫ്ലാറ്റിനടുത്ത് ബിജെപി - കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചതോടെയാണ് തീരുമാനം. ഫ്ലാറ്റിന് കൂട്ടം കൂടിയെത്തിയ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തരും ഏറ്റുമുട്ടിയതോടെ തെരുവിൽ കൂട്ടയടിയായി. എംഎൽഎമാരെ തടവിൽ വച്ചിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു സംഘർഷം. ഉടൻ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് കാട്ടി സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയ രണ്ട് സ്വതന്ത്രർ താമസിക്കുന്ന ഫ്ലാറ്റിനു സമീപമാണ് സംഘർഷമുണ്ടായത്. ഇതോടെ റേസ് കോഴ്‍സിന് സമീപത്ത് ഗതാഗതം നിരോധിച്ചു. സഭാപരിസരത്ത് പൊലീസിന്റെ കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.