ബെംഗളൂരു-സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ചൂടുള്ള രാഷ്ട്രീയചര്‍ച്ച നടന്നുകൊണ്ടിരിക്കെ കര്‍ണാടക നിയസഭയില്‍ നാടകീയ രംഗങ്ങള്‍. കര്‍ണാടകയിലെ ബി.ജെ.പി ജനറല്‍ സെക്രട്ടറിയും മഹാദേവപുരം എം.എല്‍.എയുമായ അരവിന്ദ് ലിംബവാലിയായിരുന്നു സഭയില്‍ പൊട്ടിക്കരഞ്ഞത്. 'വ്യാജ ഗേ സെക്‌സ് വീഡിയോയുടെ ഇരയാണ് താന്‍' എന്ന് പറഞ്ഞായിരുന്നു എം.എല്‍.എ വികാരാധീനനായത്. വിഷയത്തില്‍ അന്വേഷണം നടത്തണമെന്നായിരുന്നു സ്പീക്കര്‍ക്ക് മുന്‍പില്‍ എം.എല്‍.എ ആവശ്യപ്പെട്ടത്.
'കുടുംബത്തിന് മുന്‍പില്‍ അപമാനിതനാകുകയാണ്. ഇത് വല്ലാത്തൊരു അവസ്ഥയാണ്. ഇത്തരമൊരു വീഡിയോ പുറത്തുവന്നതിന് പിന്നാലെ എന്റെ മക്കള്‍ക്ക് എന്തൊക്കെയാണ് നേരിടേണ്ടി വന്നതെന്ന് എനിക്ക് മാത്രം അറിയാവുന്ന കാര്യമാണ്.ഞങ്ങളെ ഇല്ലാതാക്കാന്‍ ചിലര്‍ അങ്ങേയറ്റം നീചമായ വഴികളിലേക്ക് നീങ്ങുകയാണ്. അത് മറു ഭാഗത്തുനിന്നുള്ള ഒരാളായിരിക്കാം ഭരണകക്ഷിയായ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു എം.എല്‍.എ സംസാരിച്ചത്. അല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയായിരിക്കാം. ദയവുചെയ്ത് അന്വേഷണം പ്രഖ്യാപിക്കണം'എം.എല്‍.എ പറഞ്ഞു.വിശ്വാസവോട്ടെടുപ്പും തുടര്‍സംഭവങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ വിലകുറച്ചെന്നും ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള മതിപ്പ് നഷ്ടപ്പെട്ടെന്നുമുള്ള ജെ.ഡി.എസ് എം.എല്‍.എ കെ.എം ശിവലിംഗ ഗൗഡയുടെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു ബി.ജെ.പി എം.എല്‍.എ ഈ വിഷയം ഉന്നയിച്ചത്. ജനങ്ങള്‍ക്ക് മുന്‍പില്‍ എം.എല്‍.എമാരുടെ വില ഇല്ലാതായെന്നായിരുന്നു ജെ.ഡി.എസ് എം.എല്‍.എ പറഞ്ഞത്.
എന്നാല്‍ സെക്‌സ് വീഡിയോ സ്വകാര്യ വിഷയം മാത്രമാണെന്നും സഭയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നുമായിരുന്നു സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ തനിക്കെതിരായ വീഡിയോയ്ക്ക് പിന്നില്‍ രാഷ്ട്രീയമായ ചില കളികളുണ്ടെന്നും അന്വേഷണം നടത്തേണ്ടതുണ്ടെന്നും ബി.ജെ.പി എം.എല്‍.എ സ്പീക്കറോട് ആവശ്യപ്പെട്ടു. നിങ്ങള്‍ വികരാധീനനായി സംസാരിക്കരുതെന്നും ഇത് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും തുടര്‍ന്ന് സ്പീക്കര്‍ പറഞ്ഞു. ഇതോടെ എം.എല്‍.എ സീറ്റിലിരുന്നു.
ഏതാനും ദിവസം മുന്‍പാണ് ബി.ജെ.പി എം.എല്‍.എ ഉള്‍പ്പെട്ട സെക്‌സ് വീഡിയോ പുറത്തുവന്നത്. ലിംബാവലിയെ പിന്തുണയ്ക്കുന്ന നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തുകയും ഇത് മോര്‍ഫ് ചെയ്ത വീഡിയോ ആണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
എം.എല്‍.എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ ഗിരീഷ് ഭരദ്വാജിന്റെ പരാതിയില്‍ പൊലീസ് ഐ.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
വീഡിയോയില്‍ ഉള്‍പ്പെട്ട ബി.ജ.പെി നേതാവ് ജയചന്ദ്ര റെഡ്ഡിയുടെ പരാതിയില്‍ മറാത്തഹള്ളി പൊലീസും മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീഡിയോയില്‍ തന്റെ മുഖം മോര്‍ഫ് ചെയ്ത് ഉപയോഗിക്കുകയായിരുന്നുവെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. വാട്‌സ്ആപ്പ് വഴിയും സോഷ്യല്‍ മീഡിയ വഴിയും ഇത് പ്രചരിപ്പിച്ചെന്നും പിന്നില്‍ കര്‍ണാടകയിലെ ജെ.ഡി.എസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇദ്ദേഹം പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.