ധാക്ക- പ്രകൃതി വിരുദ്ധ ലൈംഗീക പീഡനം നടത്തിയ കേസിൽ ബംഗ്ളാദേശിൽ മതപണ്ഡിതൻ അറസ്‌റ്റിലായി. 12 നും 19 നും ഇടയിലുള്ള പന്ത്രണ്ടോളം ബാലന്മാരെ പീഡിപ്പിച്ച കേസിൽ 42 കാരനായ ഇദ്‌രീസ് അഹമ്മദ് ആണ് ധാക്കയിലെ കലാലയത്തിൽ നിന്നും പോലീസ് പിടിയിലായത്. ഇതോടെ ഈ കലാലയത്തിലെ മൂന്നാമത്തെ അധ്യാപകനാണ് ലൈംഗീക പീഡന കേസിൽ അറസ്‌റ്റിലാകുന്നത്. വനിത വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ നേരത്തെ രണ്ടു പ്രധാനാധ്യാപകരെ അറസ്‌റ്റ് ചെയ്‌തിരുന്നു. അടുത്തിടെ ഏതാനും വിദ്യാർത്ഥികൾ തങ്ങളെ അധ്യാപകരും മുതിർന്ന വിദ്യാർത്ഥികളും ലൈംഗീക പീഡനത്തിനിരയാക്കിയതായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, നിരവധി വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള പീഡനത്തിനിരയായിട്ടുണ്ടെന്നും പലരും പുറത്തു പറയാൻ മടിക്കുകയുമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ലൈംഗീക പീഡനത്തിന് വിസമ്മതിച്ച 19 കാരിയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ടത് രാജ്യത്ത് ഏറെ വിവാദമുയർത്തിയിരുന്നു. ലൈംഗീക കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തിയെങ്കിലും കേസ് പിൻവലിക്കാൻ വിസമ്മതിച്ചതാണ് വിദ്യാർത്ഥിനിയെ തീവെച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യത്ത് 399 വിദ്യാർത്ഥി ലൈംഗിക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതിൽ എട്ടു ആൺകുട്ടികളും ബാക്കിയെല്ലാം പെൺകുട്ടികളുമാണെന്നു മനുഷർ ജോണോ ഫൗണ്ടേഷൻ വ്യക്തമാക്കി. ഇതിൽ പതിനാറു പേർ കൊല്ലപ്പെടുകയും ചെയ്‌തതായാണ് കണക്കുകൾ.