ന്യൂദൽഹി- അടിപിടിക്കിടെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ഫോൺ വിളിക്കിടെ മറ്റൊരാൾ തോളിൽ തട്ടിയപ്പോൾ സംസാരം മുറിഞ്ഞതിലുള്ള അരിശമാണ് അടിപിടിയിലും കത്തികുത്തിലും കലാശിച്ചത്. ദൽഹിയിലെ നബികരീം ഏരിയയിൽ ഉണ്ടായ സംഭവത്തിൽ പതിനേഴുകാരനും 29 കാരനായ റിസ്‌വാനും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട പതിനെട്ടുകാരൻ യാസീൻ ആണ് കൊല്ലപ്പെട്ടത്. റിസ്‌വാന്റെ സുഹൃത്ത് 23 കാരനായ ഷാനവാസ് ആണ് ഇദ്ദേഹത്തെ കുത്തിയത്. സംഭവത്തിൽ ഷാനവാസിനെയും റിസ്‌വാനേയും പോലീസ് അറസ്‌റ്റു ചെയ്‌തു.
ഫോൺ വിളിക്കുന്നതിടെ തോളിൽ തട്ടിയത് മൂലം ഉണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്. പതിനേഴുകാരൻ തന്റെ സഹോദനൊപ്പം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും ഇറങ്ങി വരുമ്പോൾ റസ്‌വാനും ഷാനവാസും മുകളിലേക്ക് കയറുന്നതിനിടയിലാണ് ഫോൺ വിളിക്കുന്നത് ശല്യപ്പെട്ടെന്നു കാണിച്ചു ഇവർ തർക്കത്തിലേർപ്പെട്ടത്. ഈ സമയത്ത് താഴെ ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന യാസീൻ ഇത് പരിഹരിക്കുന്നതിനായി എത്തിയതായിരുന്നു. ഈ സമയത്ത് ഷാനവാസ് പതിനേഴുകാരനെയും ഫിറോസിനെയും ആക്രമിക്കാനുള്ള ശ്രമത്തിനിടെ പ്രശ്‌ന പരിഹാരത്തിനായി എത്തിയ യാസീന്റെ ശരീരത്തിൽ ഏൽക്കുകയായിരുന്നു. സംഭവത്തിൽ ഫിറോസിനും പരിക്കേറ്റിട്ടുണ്ട്.