കൊച്ചി- തനിക്കെതിരായ മീ ടൂ ആരോപണങ്ങളില്‍ പ്രതികരിച്ച് നടന് അലന്‍സിയര്‍. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഈ സംഭവത്തില്‍ അലന്‍സിയറിന്റെ വ്യക്തമായ പ്രതികരണമെത്തുന്നത്. പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ടു പോകാറുണ്ടെന്നും ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും, നേരത്തെ തന്നെ അവരോട് താന്‍ ക്ഷമ ചോദിച്ചിട്ടുള്ളതാണെന്നും അലന്‍സിയര്‍ പറഞ്ഞു.
വാര്‍ത്ത അറിയുന്നത് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണെന്ന് അലന്‍സിയര്‍ പറയുന്നു. അന്ന് ബിജു മേനോന്, സന്ദീപ് സേനന് സുധി കോപ്പ തുടങ്ങിയവരൊക്കെ നല്കിയ പിന്തുണയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കാന്‍ കാരണം എന്ന് അലന്‍സിയര്‍ പറയുന്നു.
ആ കുട്ടിക്ക് ഫീല്‍ ചെയ്തതു പോലെ ഒന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ചില നേരങ്ങളില്‍ എന്റെ വര്‍ത്തമാനവും സൗഹാര്‍ദ്ദവും കൈവിട്ടു പോകാറുണ്ട്. അത് ആണുങ്ങളോടായാലും, പെണ്ണുങ്ങളോടായാലും. അങ്ങനെ ഒരു പെരുമാറ്റം എന്നില്‍ നിന്നുണ്ടായപ്പോള്‍ ഞാന്‍ അന്നുതന്നെ അവരോട് മാപ്പു പറഞ്ഞയാളാണ്.
മലയാളത്തില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട മീ ടൂ എന്റെതാണ്. ഈ വാര്‍ത്ത കണ്ടപ്പോള്‍ എനിക്കാദ്യം ചിരിയാണ് വന്നത്. മലയാള സിനിമയിലെ പീഡകന് എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടന്. സത്യസന്ധമായി ആരെങ്കിലും എന്തെങ്കിലുമൊക്കെ തുറന്നു പറയാനുള്ള ആര്‍ജവം കാണിച്ചിരുന്നുവെങ്കിലെന്നാണ് അലന്‍സിയര്‍ സ്വയം ന്യായീകരിക്കുന്നത്