ലണ്ടന്‍- ഹുര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ പിടിച്ച ഇറാന്റെ നടപടി ഗുരതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് മുന്നറിയിപ്പ് നല്‍കി. ബ്രട്ടീഷ് കപ്പലുകളെ മാത്രമല്ല, അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ തന്നെ ബാധിക്കുന്നതാണ് ഹുര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡ് കൈക്കൊണ്ട നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപെറോ കഴിഞ്ഞ ദിവസമാണ് ഇറാന്‍ പിടികൂടിയത്.
ജൂലൈ നാലിന് ഇറാന്‍ ടാങ്കര്‍ പിടിച്ചെടുക്കാന്‍ ബ്രിട്ടീഷ് റോയല്‍ മറീനുകള്‍ സഹായിച്ചതിനുള്ള പകരം നടപടിയാണിതെന്ന ഇറാന്റെ വാദം അദ്ദേഹം തള്ളി. അടിയന്തര സര്‍ക്കാര്‍ യോഗത്തിനുശേഷമാണ് വിദേശകാര്യ സെക്രട്ടറി വാര്‍ത്താ ലേഖകരെ കണ്ടത്.
യൂറോപ്യന്‍ യൂനിയന്റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയതിനാലാണ് ഇറാന്‍ ടാങ്കര്‍ പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു. ജിബ്രാള്‍ട്ടറില്‍ ഇറാന്‍ ടാങ്കറായ ഗ്രേസ് വണ്‍ പിടിയിലായതിനു പിന്നാലെയാണ് ഇറാന്‍ ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ പിടിച്ചത്.