Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ദിവസം ഒന്നരലക്ഷം ടണ്‍ മാലിന്യം; 80 ശതമാനവും തുറന്ന സ്ഥലങ്ങളില്‍

ന്യൂദല്‍ഹി- ഭൂമിയും വായുവും വെള്ളവും ഒരുപോലെ മലിനമാക്കി രാജ്യത്ത് ചവറുകൂനകള്‍ വലിയ ബോംബായി മാറുകയാണെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.  ഇന്ത്യയില്‍ ദിവസം കുന്നുകൂടുന്നത് ഒന്നരലക്ഷം മെട്രിക് ടണ്‍ ഖരമാലിന്യമാണ്. ഇതില്‍ 90 ശതമാനവും ശേഖരിക്കുന്ന മാലിന്യമാണെങ്കില്‍ 15,000 മെട്രിക് ടണ്‍ മാലിന്യങ്ങള്‍ ദിവസവും തുറന്ന പ്രദേശങ്ങളില്‍ തള്ളുന്നു. ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ തുറന്ന സ്ഥലങ്ങളില്‍ തള്ളുന്ന 55 ലക്ഷം ഖരമാലിന്യങ്ങള്‍ ഗുരുതരമായ മലിനീകരണ പ്രശ്‌നമാണ് ഉയര്‍ത്തുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങളില്‍ 20 ശതമാനം മാത്രമാണ് (ദിവസം 27,000 മെട്രിക് ടണ്‍) സംസ്‌കരിക്കുന്നത്. ബാക്കി 80 ശതമാനം ചവറുകൂനയില്‍ തളളുന്നു.
ഇന്ത്യയിലെ 60 പ്രധാന നഗരങ്ങളില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ ദിവസം 4,059 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പുറന്തള്ളുന്നതെന്ന് കണ്ടെത്തിയതായി പരിസ്ഥി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ബാബുല്‍ സുപ്രിയോ പാര്‍ലമെന്റില്‍ വെളിപ്പെടുത്തി. ദിവസം 26,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് രാജ്യത്തുണ്ടാകുന്നത്. വര്‍ഷം 94 ലക്ഷം ടണ്‍.
58 കോടി മൊബൈല്‍ ഉപയോക്താക്കളും 100 കോടി സ്മാര്‍ട്ട് ഫോണുകളുമായി ഡിജിറ്റല്‍ ഇന്ത്യ മുന്നേറുമ്പോള്‍ രാജ്യത്ത് ഇതുവരെ സമ്പൂര്‍ണ ഇ-വെയ്‌സിറ്റിന്റെ കണക്ക് പൂര്‍ത്തിയായിട്ടില്ല. ഗോവ, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്,പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതുവരെ ഇ-വെയ്സ്റ്റ്  കണക്കെടുത്തത്.
2016-17 ല്‍ 7.17 ദശലക്ഷം മാരകമാലിന്യങ്ങള്‍ ഉണ്ടായ രാജ്യത്ത് 3.68 ടണ്‍ മാത്രമാണ് പുനസംസ്‌കരിച്ചത്. കെമിക്കല്‍ വ്യവസായങ്ങള്‍ കൂടുതലുള്ള ഗുജറാത്താണ് മാരകമായ മാലിന്യങ്ങള്‍ പുറന്തള്ളുന്നതില്‍ ഒന്നാം സ്ഥാനത്ത്. ഖരമാലിന്യത്തിന്റെ കാര്യത്തില്‍ മഹരാഷ്ട്രക്കാണ് ഒന്നാം സ്ഥാനം.
ദല്‍ഹിയിലെ ഭല്‍സ്വ, ഗാസിപുര്‍, ഓഖ്‌ല ചവറുകൂനകളില്‍ 28 ദശലക്ഷം ടണ്‍ മാലിന്യമാണുള്ളത്. ഇവ നീക്കം ചെയ്യുന്നതിന് എ.എ.പി സര്‍ക്കാരിനോടും തദ്ദേശ സ്ഥാപനങ്ങളോടും 250 കോടി രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍.

 

Latest News