ലക്‌നൗ- സമാജ്‌വാദി പാർട്ടി നേതാവും രാംപൂർ എം പിയുമായ അസം ഖാനെതിരെ മൂന്നു കേസുകൾ കൂടി ഫയൽ ചെയ്‌തു. ഇദ്ദേഹം ചാൻസലറായ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി സ്ഥലം കയ്യേറിയ കേസിലാണ് പരാതി ഇതോടെ ഒരാഴ്ച്ചക്കിടെ ഭൂമി കയ്യേറ്റ സംഭവത്തിൽ ഇദ്ദേഹത്തിനെതിരെ ഫയൽ ചെയ്‌ത കേസുകളുടെ എണ്ണം 26 ആയി. അസീം നഗർ പോലീസ് സ്‌റ്റേഷനിലാണ് മുഴുവൻ പരാതികളും നൽകിയിരിക്കുന്നത്. വിരമിച്ച പോലീസ് ഓഫീസ് സൂപ്രണ്ടന്റ് ആലി ഹസൻ ഖാനെതിരെയും ഇതേ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. പതിമൂന്നു എഫ് ഐ ആറിൽ അസീം നഗർ പോലീസ് സ്‌റ്റേഷൻ മുൻ ഓഫീസർ ഖുശാൽ വീറും ഉൾപ്പെട്ടിട്ടുണ്ട്. ഇതിടെ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെതിരെ മൂന്നു മാസത്തിനിടെ രജിസ്റ്റർ ചെയ്‌ത കേസുകളുടെ എണ്ണം 44 ആയി.
മുഹമ്മദ് അലി ജൗഹർ സർവകലാശാലക്ക് വേണ്ടി കർഷകരിൽ നിന്നും ഭൂമി പിടിച്ചെടുത്തെന്ന പരാതിയിലാണ് കേസ്. ഇവിടെ ചീഫ് സുരക്ഷാ ഓഫീസറായിരുന്ന ആലി ഹസൻ ഒളിച്ചു കഴിയുകയാണ്. അറസ്‌റ്റ് ചെയ്യാനായി വീട്ടിലേക്കെത്തിയ പോലീസുമായി പ്രശ്നമുണ്ടാക്കിയതിനെ തുടർന്നു മകനെ പോലീസ് അറസ്റ്റു ചെയ്യ്തിട്ടുണ്ട്. സർവ്വകലാശാലക്ക് വേണ്ടി ഭൂമി വിട്ടു നൽകാത്ത കർഷകർക്കെതിരെ അനാവശ്യമായി കേസെടുക്കാൻ നേതൃത്വം നൽകിയതായാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം.
അസം ഖാൻ, ആലി ഹസൻ എന്നിവർ ഭൂമാഫിയകളായി പ്രവർത്തിക്കുകയാണെന്ന് 2017 ലെ സ്‌റ്റേറ്റ് ആന്റി ഭൂമാഫിയ പോർട്ടലിൽ രേഖപ്പെടുത്തിയതായി രാംപൂർ ജില്ലാ അഡ്‌മിസ്‌നിസ്‌ട്രേറ്റർ അറിയിച്ചു. ഇദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷണത്തിനായി പാർട്ടി നിശ്ചയിച്ച 21 അംഗ സംഘം ശനിയാഴ്ച്ച മുഹമ്മദ് അലി ജൗഹർ സർവ്വകലാശായിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ, കുറഞ്ഞ മണിക്കൂറുകൾക്കുളിൽ തിരിച്ചത്തെത്തിയ സംഘം തെറ്റായ കേസുകളിലെ അന്വേഷണം പൂർത്തിയാക്കിയെന്നും ദേശീയ പ്രസിഡന്റിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകിയ അഹമ്മദ് ഹസ്സൻ മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രകോപന പ്രസ്താവന നടത്തിയതിനും വര്‍ഗീയ പരാമര്‍ശം നടത്തിയതിനുമെതിരെ കമ്മീഷൻ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു.