ലഖ്നൗ- സമാജ്വാദി പാര്‍ട്ടി എം.പി അസം ഖാന്റെ പേര് ഉത്തര്‍ പ്രദേശിലെ ഭൂമി കൈയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇദ്ദേഹത്തിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് രാംപൂര്‍ ജില്ലാ ഭരണകൂടം ഭൂ മാഫിയകളുടെ ഓണ്‍ലൈന്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തിയത്.
കള്ളക്കേസില്‍ കുടുക്കിയാണ് സര്‍ക്കാരിന്റെ നടപടിയെന്ന് ആരോപിച്ച് സമാജ് വാദി പാര്‍ട്ടി രംഗത്തുവന്നു. നിയമസഭയില്‍ പ്രശ്നം ഉന്നയിച്ച് പാര്‍ട്ടി എം.എല്‍.എമാര്‍ ബഹളമുണ്ടാക്കി.
എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നതെന്നും രാഷ്ട്രീയ പ്രതികാരമില്ലെന്നും വ്യക്തമാക്കി സമാജ് വാദി പാര്‍ട്ടിയുടെ ആരോപണങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ തള്ളി.
ഭൂമി കൈയേറ്റ ആരോപണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭൂ മാഫിയാ വിരുദ്ധ പോര്‍ട്ടില്‍ പട്ടികയില്‍ രാംപൂര്‍ എം.പിയുടെ പേര് ഉള്‍പ്പെടുത്തിയതെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (അഡ്മിനിസ്ട്രേഷന്) ജെ.പി. ഗുപ്ത പറഞ്ഞു.
മൗലാനാ ജൗഹര്‍ സര്‍വകലാശാലക്ക് വേണ്ടി നിര്‍ബന്ധിച്ച് സ്ഥലം ഏറ്റെടുത്തിരുന്നുവെന്നാരോപിച്ച് ഫയല്‍ ചെയ്ത എഫ്.ഐ.ആറിലാണ് നേരത്തെ ഉത്തര്‍പ്രദേശ് മന്ത്രിയായിരുന്ന അസംഖാന്റെ പേരുള്ളത്. യൂനിവേഴ്സിറ്റിയുടെ സ്ഥാപകനും ചാന്‍സലറുമാണ് അസംഖാന്.
സര്‍വകലാശാലക്കുവേണ്ടി ബലപ്രയോഗത്തിലൂടെയാണ് അസം ഖാന് ഭൂമി പിടിച്ചെടുത്തുവെന്നാണ് കര്‍ഷകര്‍ നല്കിയ പരാതിയെന്ന് ജില്ലാ മജിസ്ട്രേറ്റ് എ.കെ. സിംഗ് പറഞ്ഞു.
ക്രിമിനല്‍ നടപടികളിലൂടെ ഒരാളുടെ ഭൂമി ഏറ്റെടുക്കുകയും അത് കൈവശം വെക്കുകയും ചെയ്യുന്നവരുടെ പേരുകളാണ് ഭൂ മാഫിയാ വിരുദ്ധ പോര്‍ട്ടലിലെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
അതേസമയം, അസം ഖാനെയും സര്‍വകലാശാലയെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാംപൂര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഗൂഢാലോചനയാണിതെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു.
രാംപൂരില്‍ ഖാനെതിരായ വ്യാജ കേസുകള്‍ അന്വേഷിക്കുന്നതിന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് അഹ്്മദ് ഹസന്റെ നേതൃത്വത്തില്‍ 21 അംഗ സമിതിയെ പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് നിയോഗിച്ചിട്ടുണ്ട്.
മുതിര്‍ന്ന നേതാവ് അസം ഖാനെതിരെ ഒരു ഡസനോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അഹ്്മദ് ഹസന് നിയമസഭയില്‍ വിഷയം ഉന്നയിച്ചുകൊണ്ട് പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കല്ല, ഒരു സര്‍വകലാശാലക്കുവേണ്ടിയാണ് അദ്ദേഹം ഭൂമി ഏറ്റെടുത്തതെന്ന കാര്യം കൂടി പരിഗണിക്കാത്തത് വേദനയുളവക്കുന്നതാണെന്ന് അഹ്്മദ് ഹസന് പറഞ്ഞു. അസം ഖാന് ഒരു ലാന്‍ഡ് മാഫിയയാണെന്ന് ആരോപിക്കുന്ന ഈ സര്‍ക്കാര്‍ ഏതു ദിശയിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സമാജ് വാദി പാര്‍ട്ടിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ ആരോടും രാഷ്ട്രീയ പ്രതികാരം കാണിക്കുന്നില്ലെന്നും എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്നും സഭാ നേതാവും ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ അവകാശപ്പെട്ടു.
സര്‍ക്കാരിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ നയങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും ഖാനെതിരായ കേസുകളെ പരാമര്‍ശിച്ചുകൊണ്ട് മന്ത്രി ശര്‍മ പറഞ്ഞു.