സാൻഫ്രാൻസിസ്‌കോ- വൻ ഓഫറുകളുമായി എത്തിയ പ്രൈം ഡെയിൽ ആമസോണിന് കിട്ടിയത് മുട്ടൻ പണി. സാങ്കേതിക തകരാർ മൂലം ചില സാധനങ്ങളുടെ വിലയിലെ പിഴവാണ് കമ്പനിക്ക് പണി കൊടുത്തത്. വെറും ഒരുശതമാനത്തിനും താഴെ വിലയിൽ ചില സാധനങ്ങൾ സൈറ്റിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ, ചുളുവിലക്ക് സാധനം ബുക്ക് ചെയ്‌തവർക്ക് യാതൊരു മാറ്റവും വരുത്താതെ അതേ വിലയിൽ തന്നെ സാധനം നൽകുമെന്ന് ഉറപ്പു നൽകി കമ്പനി വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്‌തു. ഇക്കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടന്ന ആമസോൺ പ്രൈം ഡേ ഓഫറിനിടെയാണ് സംഭവം. 13,000 ഡോളർ വില വരുന്ന കാനോൺ ക്യാമറ വെറും 94 ഡോളറിനാണ് പ്രൈം ഡെ ഓഫറിൽ നൽകിയത്. അതായത് 895,691 രൂപ വിലയുള്ള സാധനം പ്രൈം ഡെ ഓഫറിൽ വെറും 6,476 രൂപ മാത്രം. കൂടാതെ, ഏറെ വിൽപ്പനയുള്ളതും മാർക്കറ്റിൽ 1000 ഡോളർ വരുന്ന ക്യാമറ പ്രൈം ഡേയിൽ എത്തിയത് വെറും 100 ഡോളർ വില മാത്രം. ഇത് കൂടാതെ പല സാധനങ്ങളും ഇത് പോലെ സാങ്കേതിക തകരാർ മൂലം വിലയിൽ വൻ ഓഫറുകളാണ് നൽകിയിരുന്നത്. സംഭവം ഏതായാലും ചിലയാളുകൾക്കെങ്കിലും കോളടിച്ചിരിക്കുകയാണ്. ഓർഡർ ചെയ്‌തവർക്കെല്ലാം സാധനം നൽകുമെന്ന ഉറപ്പാണ് കമ്പനി നൽകിയിരിക്കുന്നത്.
സോണി എ 6000-16-50 എം എം ലെൻസ് ബണ്ടിൽ വാങ്ങാനായി ഓർഡർ നൽകിയ ഒരാൾ ഇതിന്റെ സ്‌ക്രീൻ ഷോർട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിയതോടെയാണ് സംഭവം ആമസോണിന്റെ ശ്രദ്ധയിൽ പെട്ടത്. സംഭവം വൈറലായി മാറിയിരുന്നു. അതേസമയം, ഓർഡർ ചെയ്‌തവർ ആമസോണുമായി ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ഓർഡറുകൾ യഥാ സമയം നിങ്ങൾക്ക് ലഭിക്കുമെന്ന മറുപടിയാണ് ആമസോൺ നൽകിയത്. പ്രൈം ഡേ ഓഫറുകൾ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ സാങ്കേതിക തകരാറാണ് ഓഫർ വിലയിൽ കനത്ത വ്യത്യാസം ഉണ്ടാക്കിയത്.