റായ്‌പൂർ- കാമുകിയെ സ്വന്തമാക്കാനായി ഭാര്യയെ പീഡിപ്പിക്കാൻ സുഹൃത്തിനെ പ്രേരിപ്പിച്ച കേസിൽ ഭർത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്‌റ്റു ചെയ്‌തു. ഛത്തീസ്‌ഗഢിലെ കവർധയിലാണ് 19 കാരനായ ഭർത്താവ് പ്രായപൂർത്തിയാകാത്ത ഭാര്യയെ സുഹൃത്തിന് കാഴ്ച്ചവെച്ചത്. കാമുകിയെ സ്വന്തമാക്കാനായി വിവാഹമോചനം നേടാനാണുള്ള മാർഗ്ഗമായാണ് യുവതിയുടെ ഭർത്താവായ കിലേന്ദ്ര സാഹു ഈ രീതി തിരഞ്ഞെടുത്തത്. ഒടുവിൽ പീഡനത്തിനിരയായ യുവതി പോലീസിൽ പരാതി നൽകിയതോടെ ഭർത്താവിനെയും പീഡനം നടത്തിയ ഭർത്താവിന്റെ സുഹൃത്തിനെയും പോലീസ് പൊക്കി.
നാൽപതു ദിവസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ കാമുകിയെ സ്വന്തമാക്കാനായി യുവതിയെ എങ്ങനെയെങ്കിലും ഒഴിവാക്കാനായി യുവാവിന്റെ ശ്രമം. ഇതിനായി തന്റെ സുഹൃത്തിനോട് യുവതിയെ പീഡിപ്പിക്കാൻ പ്രേരിപ്പിക്കുകയും പിന്നീട് സുഹൃത്തിനെയും യുവതിയെയും തമ്മിൽ വിവാഹം കഴിപ്പിക്കാനുമായിരുന്നു പദ്ധതി. ഇതിനായി ആധാർ കാർഡ് എടുക്കാനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ടൗണിൽ എത്തിച്ച ശേഷം യുവതിയെ ഹോട്ടലിലെത്തിക്കുകയായിരുന്നു. ആധാറിനാണെന്നു പറഞ്ഞു അൻപത് രൂപയുടെ മുദപത്രത്തിൽ യുവതിയെ കൊണ്ട് ഒപ്പു വെപ്പിക്കുകയും ചെയ്‌തു. ഹോട്ടലിൽ റൂമെടുത്ത ശേഷം പിന്നാലെ സുഹൃത്തായ കമലേഷ് മുറിയിലേക്ക് വരികയും ഉടൻ വരാമെന്നു പറഞ്ഞു ഭർത്താവ് സ്ഥലം കാലിയാക്കുകയും ചെയ്‌തു. ഈയവസരത്തിലാണ് സുഹൃത്ത് യുവതിയെ പീഡിപ്പിച്ചത്. തുടർന്ന് യുവതിയുടെ മാതാപിതാക്കളുടെ അടുത്ത് ഇറക്കി വിടുകയായിരുന്നു.
പിന്നീട് പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച ഗ്രാമത്തിലെ മുതിർന്നവരോട് ഭാര്യക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നും കമലേഷിനോടൊപ്പം പാർക്കിൽ വെച്ച് കണ്ടുവെന്നും പറഞ്ഞു യുവതിയെ തിരിച്ചെടുക്കാൻ ഭർത്താവ് വിസമ്മതിക്കുകയായിരുന്നു. എന്നാൽ, കാമുകിയെ സ്വന്തമാക്കുന്നതിനായി ഭാര്യയെ ഒഴിവാക്കുന്നതിന് വേണ്ടി സഹായം ആവശ്യപ്പെട്ടതിനാലാണ് മാനഭംഗപ്പെടുത്തിയതെന്ന് സുഹൃത്തായു കമലേഷും വ്യക്തമാക്കി. മുദ്രപത്രത്തിൽ ഒപ്പിട്ടു വാങ്ങിയ രണ്ടു പേപ്പറുകളിലൊന്ന് വിവാഹ മോചനത്തിനായും മറ്റൊന്ന് പീഡിപ്പിച്ച സുഹൃത്തുമായി വിവാഹം നടത്തുന്നതിനായും രേഖകൾ നിർമ്മിക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.വിവിധ വകുപ്പുകൾ ചേർത്തി കേസെടുത്ത പോലീസ് പ്രതികളായ ഭർത്താവിനെയും സുഹൃത്തിനെയും പോലീസ് അറസ്‌റ്റു ചെയ്‌തു.