കൊച്ചി-അമല പോള്‍ നായികയായെത്തിയ ആടൈയുടെ റിലീസിനു പിന്നാലെ സിനിമയ്ക്കു വേണ്ടി ലഭിച്ച പ്രതിഫലം അമല തിരിച്ചു നല്‍കിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വന്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച ആടൈയുടെ റിലീസ് ഇന്നലെയായിരുന്നു. ചില സാമ്പത്തിക കാരണങ്ങളാല്‍ സിനിമയുടെ ഫസ്റ്റ്, നൂണ്‍ ഷോകള്‍ മുടങ്ങിയിരുന്നു. വൈകുന്നേരത്തേടെയാണ് പ്രദര്‍ശനം നടന്നത്.
ആടൈയുടെ ആദ്യ ടീസറും ട്രെയ്‌ലറുമടക്കം വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. സിനിമയില്‍ അര്‍ദ്ധ നഗ്‌നയായി അമല എത്തുന്ന രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി സിനിമയ്ക്കും അമലയ്ക്കുമെതിരേ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സിനിമയിലെ നഗ്‌നരംഗങ്ങള്‍ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ഇത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നുമായിരുന്നു പ്രിയയുടെ ആരോപണം. പണം മാത്രമാണ് അമലയുടെ ലക്ഷ്യമെന്നും അവര്‍ ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സിനിമയുടെ പ്രതിഫലതുക അമല തിരിച്ചു നല്‍കിയെന്ന വാര്‍ത്ത എത്തിയിരിക്കുന്നത്. റിലീസിങിനു ശേഷം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്.