ജയ് ശ്രീറാം മര്‍ദനം: മുസ്ലിം യുവാവിനെ ഹിന്ദു ദമ്പതികള്‍ രക്ഷപ്പെടുത്തി

ഔറംഗാബാദ്- ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ആള്‍ക്കൂട്ടം മര്‍ദിച്ച യുവാവിനെ ഹിന്ദു ദമ്പതികള്‍ രക്ഷിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. നഗരത്തിലെ ഹഡ്‌കോ കോര്‍ണറില്‍ ഹോട്ടല്‍ വെയിറ്ററായ 28 കാരന്‍ ഇംറാന്‍ ഇസ്മായില്‍ പട്ടേലിനെയാണ് പത്ത് പേരടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി പേരു ചോദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ കല്‍പിക്കുകയും ചെയ്തത്.
 
യുവാവിന്റെ കരച്ചില്‍കേട്ട് വീട്ടില്‍നിന്ന് പുറത്തിറങ്ങിയ ദമ്പതികള്‍ അക്രമികളെ തടയുകയായിരുന്നു. അക്രമികളുടെ പക്കല്‍നിന്ന് മോട്ടോര്‍ ബൈക്കിന്റെ താക്കാല്‍ വാങ്ങി യുവാവിന് വീട്ടിലേക്ക് മടങ്ങി പോകാന്‍ അവസരമൊരുക്കുകയും ചെയ്തു.
കല്ല് കൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിച്ച അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത് ദമ്പതികളാണെന്ന് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവാവ് പറഞ്ഞു. അക്രമികളെ ഭയന്ന് ദമ്പതികളുടെ പേര് വെളിപ്പെടുത്തിയില്ല.
പത്ത് പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇംറാനെ മോട്ടോര്‍ ബൈക്കുകളിലെത്തിയ അക്രമികള്‍ തടയുകയായിരുന്നു.

 

Latest News