ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തില്‍ വന്ന ശേഷമാണ് ബീഫിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ വര്‍ധിച്ചതെന്ന വാര്‍ത്തകള്‍ നിഷേധിക്കാനും മോഡിയെ ന്യായീകരിക്കാനും വിചിത്ര വാദങ്ങളുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ.
നരേന്ദ്ര മോഡി അധികാരത്തില്‍വന്ന ശേഷമാണ് ജനക്കൂട്ടം ആളുകളെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ വര്‍ധിച്ചതെന്ന വാര്‍ത്തകള്‍ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് ഇത്തരം അതിക്രമങ്ങള്‍ കൂടുതലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഞങ്ങളുടെ സര്‍ക്കാരിന്റെ മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ച് 2011, 2012, 2013 വര്‍ഷങ്ങളിലായിരുന്നു തല്ലിക്കൊന്ന സംഭവങ്ങള്‍ കൂടുതല്‍. അന്നൊന്നും ആരും അതിനെ ചോദ്യം ചെയ്തില്ല. യു.പിയില്‍ സമാജ് വാദി പാര്‍ട്ടി അധികാരത്തിലിരുന്നപ്പോഴാണ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയതെന്നും അമിത് ഷാ പറഞ്ഞു. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്. അതു ചെയ്യാതെ അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ധര്‍ണ നടത്തുകയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കിരാത സംഭവങ്ങളെ രാഷ്ടപ്രതി പ്രണബ് മുഖര്‍ജി അപലപിച്ചതിനു പിന്നാലെ ആയിരുന്നു അമിത് ഷായുടെ പ്രതികരണം.
ന്യൂനപക്ഷങ്ങള്‍ക്കുനേരെ അതിക്രമം വര്‍ധിക്കുന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്ന് അമിത് ഷാ അവകാശപ്പെട്ടു.
ഗോവയില്‍ ഗോവധനിരോധം വലിയ പ്രശ്‌നമായി ഇപ്പോള്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ, അവിടെ നിരോധനം കൊണ്ടുവന്നത് ബിജെപി അല്ല. നേരത്തെ തന്നെ ഗോവയില്‍ ഗോവധ നിരോധമുണ്ട്. ഗോവയില്‍ ആകെയുള്ള ജനസംഖ്യയേക്കാള്‍ അധികമാണ് ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളെന്നും അവിടെയുള്ളവര്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.