തുടക്കത്തിൽ കണ്ടെത്തി ചികിത്സ നൽകിയാൽ എളുപ്പത്തിൽ ഭേദമാക്കാവുന്ന അസുഖമാണ് സ്തനാർബുദം. സമൂഹത്തിൽ സ്തനാർബുദ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുകയാണ്. സ്തനാർബുദം തടയുന്നതെങ്ങനെയെന്ന് പല പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയും കൃത്യമായ ചികിത്സ അവലംബിക്കുകയും ചെയ്താൽ രോഗത്തെ പടിക്ക് പുറത്തു നിർത്താം.
അടുത്തിടെ പുറത്തുവന്ന പഠനം പറയുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര് സഹായകമാകുമെന്നാണ്. തൈരിലടങ്ങിയിരിക്കുന്ന ലാക്ടോബാസിലസ്, സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയകൾ സ്തനാർബുദ സാധ്യത കുറയ്ക്കുമെന്നാണ് പഠനം.
ആരോഗ്യം നിലനിർത്താൻ അവശ്യമായ ബാക്ടീരിയ ശൃംഖലകളിലൂടെ ചികിത്സ നടത്തുന്ന രീതി ഇപ്പോൾ പ്രചാരം നേടുകയാണ്. ഇത്തരം ബാക്ടീരിയകളെ പല ഭക്ഷണ പദാർത്ഥങ്ങളിലും ചേർക്കുന്നത് അംഗീകരിച്ചു കഴിഞ്ഞു.
തൈരിലും മോരിലും കാണപ്പെടുന്ന ലാക്ടോബാസിലസ്സ് ആണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. കാൻസർ കോശങ്ങളിലെ ഡി.എൻ.എ തകരാർ പരിഹരിക്കാൻ ഈ ബാക്ടീരീയകൾ ഉൽപാദിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റുകൾക്കു കഴിയുമത്രേ.