ന്യൂദൽഹി- ഭർത്താവ് വാട്സ്ആപ്പിൽ മറ്റൊരു യുവതിയുമായി ചാറ്റിയതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭാര്യ ആത്മഹത്യ ചെയ്തു. ദൽഹി പോലീസിലെ മൂന്നാം ബറ്റാലിയനിലെ 27 കാരിയായ വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഭർത്താവിന്റെ സ്ത്രീ ചാറ്റിങ്ങിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. വാട്സ്ആപ്പ് ചാറ്റിനെ ചൊല്ലി ഞങ്ങൾ തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നുവെന്നും എന്നാൽ ഇത് ആത്മഹത്യയിലേക്ക് നയിക്കുമെന്നു കരുതിയിരുന്നില്ലെന്നും ദില്ലി പോലീസ് ഓഫീസർ കൂടിയായ ഭർത്താവ് മോഹിത് യാദവ് പറഞ്ഞു.
പടിഞ്ഞാറൻ ദില്ലിയിലെ ദ്വാരകയിൽ ഇവരുടെ താമസ സ്ഥലത്തു വെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. ഇവരുടെ കുട്ടികൾ വാതിലിൽ മുട്ടി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇവർ പിതാവിനെ വിവരം അറിയിച്ചതിനെ തുടർന്ന് പിതാവെത്തി വാതിൽ തുറന്നപ്പോൾ യുവതിയെ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ തന്നെ ഭർത്താവ് കയർ അറുത്തുമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരണപ്പെട്ടു. ഒരു മാസം മുൻപ് ഭാര്യയുമായി താൻ വാട്സ്ആപ്പ് ചാറ്റിനെ ചൊല്ലി തർക്കത്തിലേർപ്പെടുത്തിരുന്നുവെന്നും തുടർന്ന് തന്നോട് സംസാരിക്കാൻ ഇവർ കൂട്ടാക്കിയിരുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. അൽപ ദിവസത്തിനു ശേഷം ഇത് ശരിയാകുമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ ജീവിതം അവസാനിപ്പിക്കുമെന്നു കരുതിയിരുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. 2014 ൽ ആണ് പോലീസുകാരായ ഇരുവരും വിവാഹിതരാകുന്നത്. മൂന്നു ദിവസം മുൻപ് അമേരിക്കയിലെ സഹോദരിക്ക് ആത്മഹത്യയെ കുറിച്ച് സന്ദേശം അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സംഭവസ്ഥലത്ത് നിന്നും യാതൊരു കുറിപ്പും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. ഇരട്ടകളായ രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്.