ചെന്നൈ-അമല പോള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമായ ആടൈ തിയറ്ററിലെത്തുകയാണ്. ചിത്രത്തില്‍ താരം നഗ്നയായി അഭിനയിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ നഗ്നയായി അഭിനയിച്ചതില്‍ തനിക്ക് വിഷമമില്ലെന്നാണ് അമല പോള്‍ പറയുന്നത്. തന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആടൈയില്‍ അഭിനയിച്ചതെന്നും ഏതു വേഷം കിട്ടിയാലും നന്നായി അഭിനയിക്കൂ എന്നാണ് അവര്‍ പറഞ്ഞതെന്നും അമല പറയുന്നു.
'ആ നഗ്നരംഗത്തില്‍ വൃത്തികേടോ ആഭാസമോ ഇല്ല. ഈ സിനിമയെ പ്രേക്ഷകര്‍ നല്ല മനസ്സോടെ സ്വീകരിക്കുമെന്ന് നല്ല വിശ്വാസവും ഉറപ്പുമുണ്ട്. എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആടൈയില്‍ അഭിനയിച്ചത്. അഭിനയിക്കാനായി വരുമ്പോള്‍ അപ്പച്ചന് എന്നോട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. നായ് വേഷം കെട്ടിയാല്‍ കുരച്ചേ പറ്റൂ. അതുകൊണ്ട് ഏതു വേഷം കിട്ടിയാലും അഭിനയിക്കണം.'അങ്ങനെയൊരു ധൈര്യം തന്നത് അദ്ദേഹമാണ്.'
'ആടൈ സിനിമയില്‍ നഗ്നയായി അഭിനയിച്ചതില്‍ എനിക്ക് വിഷമം ഇല്ല. എന്നാല്‍ ഇതിന് മുമ്പുള്ള ചില സിനിമകളിലെ ഗാന രംഗങ്ങളിലും മറ്റും മേനിപ്രദര്‍ശനം നടത്താനും നഗ്നത കാണിക്കുവാനും ആവശ്യപ്പെടാറുണ്ട്. അപ്പോഴാണ് മനസ്സിനു വേദന തോന്നുക.'അമല പോള്‍ പറഞ്ഞു.
അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ആടൈയിലെ കഥാപാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. രത്നകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രമായാണ് അമല ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം കാരണം സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്.
അതിനിടെ, ആടൈ'യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് രാഷ്ട്രീയനേതാവും സാമൂഹിക പ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി ആവശ്യപ്പെട്ടു. അന്യസംസ്ഥാനക്കാരിയായ അമലയ്ക്ക് തമിഴ് സംസ്കാരം എന്തെന്ന് അറിയില്ലെന്നും പണം മാത്രമാണ് അവരുടെ ലക്ഷ്യമെന്നും പ്രിയ പറയുന്നു. ഇതുസംബന്ധിച്ച് അമല പോളിനെതിരെയും ചിത്രത്തിനെതിരെയും പ്രിയ ഡി.ജി.പിക്ക് പരാതി നല്കി.
'നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ് ഇവര്‍ ഈ സിനിമ ഇതുവരെ പ്രമോട്ട് ചെയ്തത്. വെറും കച്ചവട ലാഭത്തിനായി പെണ്‍കുട്ടികളെ മുഴുവന്‍ ഇവര്‍ മോശമായി ചിത്രീകരിക്കുകയാണ്. ഇതിലെ നഗ്നരംഗങ്ങള്‍ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കും. ഇത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. ഇതിനെതിരെ ആക്ഷന്‍ എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ നഗ്നരംഗങ്ങള്‍ ഉപയോഗിക്കരുതെന്നും അവര്‍ അത് ചെയ്യില്ലെന്നും ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.പ്രിയ പറഞ്ഞു.