റിയാലിറ്റി ഷോയുടെ  മറവില്‍ ലൈംഗിക ചൂഷണം 

ഹൈദരാബാദ്-ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ തെലുങ്ക് പതിപ്പിന്റെ സംഘാടകര്‍ക്കെതിരെ ലൈംഗികാരോപണവുമായി പ്രമുഖ വനിത മാധ്യമപ്രവര്‍ത്തക. മാര്‍ച്ചില്‍ ആരംഭിക്കാന്‍ പോകുന്ന റിയാലിറ്റി ഷോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞ് വിളിച്ചതിനു ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്.
റിയാലിറ്റി ഷോയില്‍ നിന്ന് വിളിവന്നതിനു പിന്നാലെ യുവതി സംഘാടകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയായിരുന്നു. മോശമായ പെരുമാറ്റമായിരുന്നു ഇവരുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നത്. നാല് പേരും യുവതിയോട് മോശമായിട്ടാണ് പെരുമാറിയത്രേ. ഫൈനലില്‍ എത്തണമെങ്കില്‍ ഇവരുടെ ബോസിന് വഴങ്ങി കൊടുക്കണമെന്നും മാധ്യമ പ്രവര്‍ത്തകയോട് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കൂടാതെ ബോഡി ഷെയിമിനും ഇവര്‍ ഇരയായെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലൈ 21 മുതലാണ് തെലുങ്ക് ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണ്‍ ആരംഭിക്കുന്നത്.
ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നിങ്ങനെ വിവിധ ഭാഷകളിലായി റിയാലിറ്റി ഷോ നടക്കുന്നുണ്ട്. ആദ്യ സീസണ്‍ മുതല്‍ തന്നെ നിരവധി പരാതികളാണ് റിയാലിറ്റി ഷോയുടെ പേരില്‍ ഉയരുന്നത്. മലയാളത്തില്‍ ഇതുവരെ ഒരു പതിപ്പ് മാത്രമാണ് ഇറങ്ങിയിരിക്കുന്നത്.
തെലുങ്ക് ബിഗ്‌ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി നടി ഗായത്രി ഗുപ്തയും രംഗത്തുവന്നു. ഷോയിലെ കാസ്റ്റിങ് കൗച്ചിനെതിരെയാണ് നടി പരാതിപ്പെട്ടിരിക്കുന്നത്. തന്നോട് രണ്ടര മാസങ്ങള്‍ക്ക് ഷോയില്‍ തന്നോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തന്റെ സമ്മതം കൂടാതെ കരാറില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഗായത്രി പറയുന്നു. ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ സെക്‌സില്ലാതെ 100 ദിവസം ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് പരിഹസിച്ചുവെന്നും ഗായത്രി പരാതിയില്‍ പറഞ്ഞു. റായ്ദുര്‍ഗം പൊലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

Latest News