അഹമ്മദാബാദ്- ഗുജറാത്തിലെ അഹമ്മദാബാദിൽ അമ്യൂസ്മെന്റ് പാർക്കിലെ യന്ത്ര ഊഞ്ഞാൽ തകർന്ന് വീണ് രണ്ട് പേർ മരിച്ചു. അഹമ്മദാബാദിലെ കാൻകരിയയിൽ ഞായറാഴ്ച നടന്ന അപകടത്തിൽ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ 15 പേർ ഗുരുതരാവസ്ഥയിലാണ്. അഹമ്മദാബാദിലെ കാൻകാരിയ തടാകത്തിനു സമീപമുള്ള പാർക്കിൽ വെകീട്ടാണ് സംഭവം. മനാലി രാജവാടി, മുഹമ്മദ് ജാവേദ് എന്നിവരാണ് മരിച്ചത്.
32 സീറ്റുള്ള യന്ത്ര ഊഞ്ഞാൽ പ്രവർത്തിച്ചു കൊണ്ടിരിക്കെ പ്രധാന പൈപ്പിന്റെ ഷാഫ്റ്റ് തകർന്നു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് സമീപത്തെ തൂണിൽ ഇടിക്കുകയും താഴേക്ക് വീഴുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പൈപ്പ് പൊട്ടാനുണ്ടായ സാഹചര്യം ഫോറൻസിക് സയൻസ് ലബോറട്ടറി അന്വേഷിക്കുമെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ ചീഫ് ഫയർ ഓഫീസർ എം എഫ് ദസ്തൂർ പറഞ്ഞു.