വാഷിംഗ്‌ടൺ- ലോകത്തെ ഏറ്റവും വലിയ സാമൂഹിക മാധ്യമങ്ങളിലൊന്നായ ഫേസ്‍ബുക്കിന് അഞ്ചു ബില്യൺ ഡോളർ പിഴ. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിലാണ് ഫെഡറൽ ട്രേഡ് കമ്മീഷനിൽ നഷ്‌ടപരിഹാരമായി ഇത്രയും ഭീമമായ തുക നൽകണമെന്ന് തീരുമാനമായത്. 8.7 കോടി ഉപയോക്താക്കളുടെ ഡാറ്റ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടീഷ് കമ്പനിയായ കാംബ്രിജ് അനലറ്റിക്കയുമായി പങ്കുവച്ച സംഭവത്തിലാണ് 500 കോടി ഡോളർ പിഴ. ഇതാദ്യമായാണ് ഇത്രയും ഭീമമായ തുക പിഴയായി ഒരു സിവില്‍ കേസില്‍ ഫേസ്ബുക്ക് അടയ്‌ക്കേണ്ടിവരുന്നത്. റിപ്പബ്‌ളിക്, ഡെമോക്രാറ്റിക് പാർട്ടികളുടെ രണ്ടിനെതിരെ മൂന്നു വോട്ടുകൾക്കാണ് ഫേസ്‍ബുക്കിന് പിഴ തീരുമാനിച്ചത്. പിഴത്തുക കുറവായെന്ന് ഡമോക്രാറ്റ് ജനപ്രതിനിധികള്‍ പറഞ്ഞു. അതേസമയം, നീതിന്യായ വകുപ്പ് ഇതിനു അംഗീകാരം നൽകുന്നതോടെയാണ് പിഴ നിലവിൽ വരിക. എന്നാൽ, സംഭവത്തിൽ പ്രതികരിക്കാൻ ഫേസ്ബുക്കോ, ഫെഡറൽ ട്രേഡ് കമ്മീഷനോ തയ്യാറായില്ലെന്ന് വാൾസ്‌ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്‌തു.
കേംബ്രിഡ്‌ജ് അനാലിറ്റിക റിപ്പോർട്ടുമായി രംഗത്തെത്തിയതോടെ 2018 ലാണ് ഫെഡറൽ ട്രേഡ് കമ്മീഷൻ അന്വേഷണം ആരംഭിച്ചത്. ഏകദേശം അൻപത് മില്യനിലധികം ഫേസ്‌ബുക്ക് അകൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്. നേരത്തെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന 5,62,455 ഇന്ത്യക്കാരുടെ രേഖകള്‍ കാംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയെന്നു ഫേസ്ബുക്ക് അധികൃതര്‍ സമ്മതിച്ചിരുന്നു. 2012 ൽ ഫെഡറൽ ട്രേഡ് കമ്മീഷനുമായി ഫേസ്‌ബുക്ക് നടത്തിയ ഉടമ്പടി ലംഘിക്കുന്നതാണ് വിവരങ്ങൾ ചോർന്ന സംഭവങ്ങളെന്നു കണ്ടെത്തിയാണ് എഫ് ടി സി യുടെ നടപടി. ഇതിനു പുറമെ ഉപയോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഒത്തുതീര്‍പ്പ് ഉപാധിയിലുണ്ടെന്നാണ് വിവരം. പിഴയടച്ച് കേസില്‍ നിന്ന് തടിയൂരാനാണ് തുടക്കം മുതലേ ഫേസ്ബുക്ക് ശ്രമിച്ചിരുന്നത്. കേസ് ഒത്തുതീര്‍പ്പായതോടെ ഫേസ്ബുക്കിന്റെ ഓഹരിമൂല്യം 1.8 ശതമാനം ഉയര്‍ന്നു.