ന്യൂദൽഹി- റിലയൻസിന്റെ ജിയോ നെറ്റ്‌വർക്ക് കമ്പനിക്ക് മുന്നിൽ മറ്റു ഇന്ത്യൻ കമ്പനികൾക്ക് കാലിടറുന്നു. വരുമാനത്തിൽ മറ്റു കമ്പനികളെ കടത്തിവെട്ടി ജിയോ ശക്തമായാണ് മുന്നേറുന്നത്. ജിയോയുടെ മുന്നേറ്റത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കമ്പനികൾ നഷ്ടത്തിലേക്കാണ് കൂപ്പു കുത്തുന്നതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ കണക്കു പ്രകാരം എയര്‍ടെല്ലിന്റെ വരുമാനം 8.7 ശതമാനം ഇടിഞ്ഞ് 5920.22 കോടിയും വോഡഫോണ്‍ എഡിയയുടെ വരുമാനം 1.25 ശതമാനം ഇടിഞ്ഞ് 7133.40 കോടിയിലുമെത്തി. അതേസമയം, ജിയോയുടെ വരുമാനം 3.76 ശതമാനം ഉയര്‍ന്ന് 9838.91 കോടിയിലെത്തുകയും ചെയ്തു. ജിയോയ്ക്ക് 31.5 കോടി വരിക്കാരാണ് ചുരുങ്ങിയ കാലയളവിൽ ഉണ്ടായത്. വൊഡാഫോണ്‍- ഐഡിയ ലയനത്തിന് ശേഷം ഏറ്റവും വലിയ കമ്പനിയാണെന്നു കൊട്ടി ഘോഷിച്ചിട്ടും എയര്‍ടെല്ലിനെ പോലെ തന്നെ വരുമാന വർധനവിൽ ജിയോയ്ക്ക് ഒപ്പം പോലുമെത്താന്‍ കമ്പനികൾക്ക് ആയിട്ടില്ല. ജിയോയ്ക്ക് അടിക്കടി ഉപഭോക്താക്കള്‍ കൂടുമ്പോള്‍ മറ്റു രണ്ടു കമ്പനികള്‍ക്ക് കുറഞ്ഞു വരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏപ്രില്‍ അവസാനത്തില്‍ ജിയോയ്ക്ക് 315 മില്യണ്‍ ഉപഭോക്താക്കളാണുള്ളത്. അതേസമയം, വൊഡാഫോണ്‍- ഐഡിയ്ക്ക് 393 മില്യണും ഭാരതി എയര്‍ടെല്ലിന് 322 മില്യണും ഉപഭോക്താക്കളാണുള്ളത്. ഭാരതി എയർ ടെല്ലിന് 32.89 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്. വൊഡാഫോൺ ഐഡിയ കമ്പനിക്ക് 15.82 വരിക്കാരെയും നഷ്ടമായി. പൊതുമേഖലയിലെ ബി എസ് എൻ എൽ കമ്പനിക്ക് 2.28 ലക്ഷം പുതിയ വരിക്കാരെ ഉണ്ടാക്കാനായിട്ടുണ്ട്. വയർലെസ്സ് വരിക്കാരുടെ എണ്ണം 0.04 ശതമാനം വർദ്ധിച്ചു 116.23 കോടിയിലെത്തി. നഗര പ്രദേശങ്ങളിൽ വയർലെസ് കണക്ഷനുകൾ 65.04 കോടിയിൽ നിന്നും 65.23 കോടിയായി ഉയർന്നപ്പോൾ ഗ്രാമ പ്രദേശങ്ങളിൽ ഇടിവാണ് ഉണ്ടായത്. ഗ്രാമ പ്രദേശങ്ങളിൽ 51.13 കോടി വരിക്കാരിൽ നിന്നും 50.99 കോടി വരിക്കാരായാണ് കുറഞ്ഞത്.