- സി.പി.ഐ, സി.പി.എം, തൃണമൂൽ എന്നിവയും വിട്ടുനിൽക്കും
ന്യൂദൽഹി- ഇന്ന് അർധരാത്രി നടക്കുന്ന ജി.എസ്.ടി പ്രത്യേക പാർലമെന്റ് സമ്മേളനം കോൺഗ്രസ് ബഹിഷ്‌കരിക്കും. കോൺഗ്രസ് എം.പി സത്യവ്രത ചതുർവേദിയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിനുള്ളിൽ തന്നെ ഇക്കാര്യത്തിൽ വിഭിന്ന അഭിപ്രായങ്ങൾ നിലനിൽക്കുമ്പോഴാണ് പാർട്ടി തീരുമാനം വ്യക്തമാക്കിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാർട്ടി പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചത്. അർധരാത്രിയിലെ ഉദ്ഘാടനത്തോട് യോജിപ്പില്ലെന്ന് കോൺഗ്രസ് അറിയിച്ചു. കർഷകരും ദളിതരും ദുരിതം നേരിടുമ്പോൾ ആഘോഷം നടത്തുന്നതിനെ അനുകൂലിക്കാനാകില്ലന്നും കോൺഗ്രസ് വ്യക്തമാക്കി.
സി.പി.എം, സി.പി.ഐ എം.പിമാരും സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചു. ബഹിഷ്‌കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചാണ് സി.പി.ഐ വിട്ടുനിൽക്കുന്നത്. സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് അർധരാത്രിയോടെയാണ് രാജ്യത്ത് പുതിയ ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വരിക. ഇതിന്റെ പ്രഖ്യാപനത്തിനായി അർധരാത്രി സഭ പ്രത്യേകം സമ്മേളിക്കും. പാർലമെന്റിന്റെ സെൻട്രൽ ഹാളിലായിരിക്കും സമ്മേളനം. 1947 ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുസ്മരിപ്പിച്ച് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി പ്രണബ് മുഖർജി, രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജി.എസ്.ടി നിലവിൽ വന്നതായി പ്രഖ്യാപിക്കും. ഉച്ചത്തിൽ മണി മുഴങ്ങുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചടങ്ങിൽ പ്രസംഗിക്കും.
ജി.എസ്.ടി ആശയത്തിന് പിന്നിൽ കോൺഗ്രസാണെന്നതിനാൽ ഈ സമ്മേളനത്തിൽ പങ്കെടുക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. എന്നാൽ, എല്ലാ വശങ്ങളും പരിഗണിക്കാതെ തിരക്ക് പിടിച്ചാണ് എൻ.ഡി.എ സർക്കാർ ജി.എസ്.ടി നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമ്മേളനം ബഹിഷ്‌കരിക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. കോർപറേറ്റുകളെ സഹായിക്കുന്ന തരത്തിലാണ് ജി.എസ്.ടി നടപ്പാക്കുന്നതെന്ന് നേരത്തെ തന്നെ വിമർശമുന്നയിച്ചിരുന്നു. രാഷ്ട്രപതി പ്രണബ് മുഖർജി ധനകാര്യ മന്ത്രിയായിരിക്കുമ്പോഴാണ് ജി.എസ്.ടി ബിൽ രൂപീകരിക്കുന്നത്.
ജി.എസ്.ടി പ്രഖ്യാപന വേളയിൽ വേദിയിലിരിക്കാനുള്ള പ്രത്യേക ക്ഷണം ലഭിച്ചിരുന്നെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഇതോടെ വ്യക്തമായി. തൃണമൂൽ കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവയും വിട്ടുനിൽക്കും. വേദിയിലേക്കു ക്ഷണം ലഭിച്ചിട്ടുള്ള എച്ച്.ഡി. ദേവഗൗഡ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് ചെറുകിട വ്യാപാരികൾക്കും മറ്റും ആവശ്യമായ സാവകാശം കിട്ടിയില്ല എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രധാന വാദം. പുതിയ നികുതി നിലവിൽ വരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ, ആർക്കും ഇതിനെ പറ്റി ഒന്നും അറിയില്ലെന്നും എന്തിനാണ് ഇത്ര തിടുക്കമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.
ജി.എസ്.ടി നടപ്പാക്കുന്നത് ആറു മാസത്തേക്ക് നീട്ടിവെക്കണമെന്നാണ് മമത ബാനർജിയുടെ നിലപാട്. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. നോട്ടു നിരോധത്തിന് ശേഷം വരുന്ന ചരിത്രപരമായ മണ്ടത്തരമാണ് ജി.എസ്.ടിയെന്നും അവർ പറഞ്ഞു.
ജി.എസ്.ടി തിരക്കിട്ടു നടപ്പാക്കുന്നതിനെ സി.പി.എമ്മും ചോദ്യം ചെയ്തിരുന്നു. സി.പി.എമ്മും ചടങ്ങിൽനിന്നു വിട്ടുനിൽക്കും. എന്നാൽ, കേരളത്തിൽനിന്ന് കേരള കോൺഗ്രസ് നേതാവും ജി.എസ്.ടി കൗൺസിൽ മുൻ ചെയർമാനുമായ കെ.എം. മാണി ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.