ദുബൈ- ഇറാനുമായുള്ള യുദ്ധ ഭീഷണി നില നിൽക്കെ ബ്രിട്ടനും ഇറാനെതിരെ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബ്രിട്ടൻ തങ്ങളുടെ രണ്ടാമതൊരു യുദ്ധ കപ്പൽ കൂടി മേഖലയിലേക്ക് അയക്കുമെന്നു വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൾഫ് മേഖലയിൽ ഇറാൻ ഭീഷണി നേരിടാൻ ബ്രിട്ടൻ അമേരിക്ക സഹകരണത്തിനായി ചർച്ചകൾ നടത്തിയിരുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം. അനധികൃതമായി എണ്ണക്കടത്തുകയായിരുന്ന ഇറാൻ എണ്ണക്കപ്പൽ ബ്രിട്ടനും ജിബ്രാൾട്ടറും ചേർന്നു പിടിച്ചു വെച്ചതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ കടുത്ത സംഘർഷത്തിലാണ്. പ്രതികാരമായി തങ്ങളുടെ കപ്പൽ തകർക്കാൻ ഇറാൻ ശ്രമം നടത്തിയതായി ആരോപിച്ച് ബ്രിട്ടൻ രംഗത്തെത്തിയത് ഇറാൻ നിഷേധിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന് അമേരിക്കയുമായി ചർച്ചകൾ നടത്തിവരികയാണെന്നും തെരേസ മെ പറഞ്ഞു.