ന്യൂദല്‍ഹി- ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാന്‍ രാജ്യത്തിന് കെല്‍പുണ്ടെന്നും കശ്മീരില്‍ അല്‍ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരി നടത്തിയിരിക്കുന്ന ഭീഷണി കാര്യമാക്കേണ്ടതില്ലെന്നും വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ആദ്യമായല്ല ഇത്തരം ഭീഷണികള്‍. അതുകൊണ്ട് തന്നെ ഗൗരവത്തിലെടുക്കേണ്ട കാര്യവുമില്ല. രാജ്യരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ സേനകള്‍ സജ്ജമാണ് -അദ്ദേഹം പറഞ്ഞു.
കശ്മിരില്‍ ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാരിനും കനത്ത ആഘാതമേല്‍പിക്കാന്‍ സാധിക്കണമെന്നാണ് സവാഹിരി കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ആഹ്വാനം ചെയ്തിരുന്നത്. യു.എന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് അല്‍ഖാഇദയും അതിന്റെ നേതാവ് സവാഹിരിയും. പാക്കിസ്ഥാന്‍ അമേരിക്കയുടെ പാവയാണെന്നും അവരുടെ കെണിയില്‍ കശ്മീരി പോരാളികള്‍ വീഴരുതെന്നും സവാഹിരി വീഡിയോയില്‍ പറയുന്നുണ്ട്. ഈജിപ്തുകാരനായ സവാഹിരിയുടെ തലയ്ക്ക് അമേരിക്ക 25 ദശലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.