പ്രതിഷേധം ശക്തമായി; പശുഭീകരരെ തള്ളിപ്പറഞ്ഞ് മോഡി

ന്യൂദല്‍ഹി- പശുവിന്റെ പേരിലുള്ള ഭീകരതക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായതിനു പിന്നാലെ ഇത്തരം പശുസംരക്ഷണത്തെ തള്ളിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് അഴിഞ്ഞാടുന്ന ഗോസംരക്ഷകര്‍ക്കെതിരെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍വെച്ചാണ് പ്രധാനമന്ത്രി  ശബ്ദമുയര്‍ത്തിയത്. പശു സംരക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. അഹിംസയുടെ നാടാണ് നമ്മുടേത്. അക്രമം കൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താനാകില്ല. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി ഇത്തം പ്രവണതകളെ അംഗീകരിച്ചിരുന്നില്ലെന്നും മോഡിപറഞ്ഞു. വിനോബ ഭാവെയും മഹാത്മാ ഗാന്ധിയുമാണ് ഗോ ഭക്തിയുടെ മാര്‍ഗം കാണിച്ചു തന്നത്. ഇവരെക്കാള്‍ അധികമായി ആര്‍ക്കും പശു സംരക്ഷണത്തെക്കുറിച്ചു പറയാനാകില്ലെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
അഹമ്മദാബാദില്‍ സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്‍ക്കും ഒന്നു ചേര്‍ന്നു മഹാത്മാ ഗാന്ധി സ്വപ്‌നം കണ്ട ഇന്ത്യക്കായി പ്രയത്‌നിക്കാം. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ അഭിമാനിച്ചിരുന്ന ഇന്ത്യക്കുവേണ്ടിയാണ് പ്രയത്‌നിക്കേണ്ടത്- മോഡി പറഞ്ഞു.
പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അക്രമം അഴിച്ചു വിടുന്നതിനെതിരേ ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. കേരളത്തിനു പുറമെ, ദല്‍ഹിയി ഉള്‍പ്പടെ 10 നഗരങ്ങളില്‍  നോട്ട് ഇന്‍ മൈ നെയിം ഇന്ന പേരില്‍ പ്രതിഷേധം നടന്നതിന്റെ പിന്നാലെയാണ് മോഡി അക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയത്.
ഗോ സംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ വ്യാജന്മാരാണെന്നും ഇവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും പ്രധാനമന്ത്രി മോഡി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. പക്ഷെ, അതിനുശേഷവുംരാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പേര്‍ ഗോസംരക്ഷകരുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടു.
ഏറെ നാളത്തെ മൗനത്തിന് ശേഷമാണ് മോഡി ഇപ്പോള്‍ ശക്തമായ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. വീടിനു പുറത്ത് ചത്ത പശുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം ഉസ്മാന്‍ അന്‍സാരി എന്ന കര്‍ഷകനെയും കുടുംബത്തെയും ആക്രമിച്ചു വീടിനു തീയിട്ടിരുന്നു. പെരുന്നാളിന്റെ തലേ ദിവസം ദല്‍ഹിയില്‍നിന്ന് ഹരിയാനയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടയില്‍ ഒരു സംഘം ആളുകള്‍ ജുനൈദ് എന്ന പതിനാറുകാരനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരങ്ങളെ മര്‍ദിക്കുകയും ചെയത്ത് പശുവിനെ തിന്നുന്നവര്‍ എന്നാക്രോശിച്ചു കൊണ്ടായിരുന്നു.

 

Latest News