Sorry, you need to enable JavaScript to visit this website.

ബ്ലോക്ക് ബട്ടണും പ്രസിഡന്റ് ട്രംപും 

  • വിമർശകരെ ബ്ലോക്ക് ചെയ്യരുതെന്ന് ട്രംപിനോട് കോടതി വീണ്ടും 

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ട്വിറ്റർ അക്കൗണ്ടിൽ വിമർശകരെ ബ്ലോക്ക് ചെയ്യാനാവില്ലെന്ന കീഴ്‌ക്കോടതി ഉത്തരവ് ന്യൂയോർക്കിലെ ഫെഡറൽ അപ്പീൽ കോടതി ശരിവെച്ചു. തന്റെ ട്വിറ്റർ അക്കൗണ്ട്  ഓദ്യോഗിക ആവശ്യങ്ങൾക്കുള്ളതാണെന്ന ട്രംപിന്റെ വാദം മൂന്നംഗ ജഡ്ജിംഗ് പാനൽ നിരാകരിച്ചു. 
62 ദശലക്ഷം ഫോളോവേഴ്‌സുള്ള ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിൽ വിമർശനം അവസാനിപ്പിക്കാനുള്ള നീക്കം ഒന്നാം ഭേദഗതിയുടെ ലഘനമാണെന്ന് അപ്പീൽ കോടതി ജഡ്ജിമാർ ചൂണ്ടിക്കാട്ടി. 
സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിക്കുന്ന ഒരു പൊതു ഉദ്യോഗസ്ഥന് എതിർ വീക്ഷണം പ്രകടിപ്പിക്കുന്നതുകൊണ്ടു മാത്രം മറ്റുള്ളവരെ മാറ്റി നിർത്താനാവില്ലെന്ന് സർക്യൂട്ട് ജഡ്ജി ബാരിങ്ടൺ പാർക്കർ അഭിപ്രായപ്പെട്ടു. 
പ്രസിഡന്റ് ട്രംപ് ബ്ലോക്ക് ചെയ്തതിനെ തുടർന്ന് ഏഴ് ട്വിറ്റർ ഉപയോക്താക്കൾക്ക് വേണ്ടി 2017 ലാണ് നൈറ്റ് ഫസ്റ്റ് അമെൻഡ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട് കോടതിയെ സമീപിച്ചത്. ട്രംപിന്റെ ട്വിറ്റർ ബ്ലോക്ക് ബട്ടൺ നീക്കിക്കൊണ്ടായിരുന്നു 2018 മേയിലെ കോടതി ഉത്തരവ്. ഡെമോക്രാറ്റ് ഓർഗനൈസർ ഹോളി ഫിഗോറ, പത്രപ്രവർത്തക റെബേക്ക ബക്ക് വാൾട്ടർ, ട്രംപിനെതിരെ ട്രോളർ യൂജീൻ ഗു എന്നിവരടക്കമുള്ളവരെയാണ് പ്രസിഡന്റ് ബ്ലോക്ക് ചെയ്തിരുന്നത്. ഇവരുടെ അക്കൗണ്ടുകൾക്കുള്ള വിലക്ക് നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും വൈറ്റ് ഹൗസ് അപ്പീൽ സമർപ്പിക്കുകയായിരുന്നു. അതിലാണ് ഇപ്പോൾ ട്രംപിനും വൈറ്റ് ഹൗസിനും തിരിച്ചടി നേരിട്ടിരിക്കുന്നത്. 
ട്വിറ്ററാണ് ആശയവിനിമയത്തിനായി ട്രംപ് ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലായ @ജഛഠഡട ഉണ്ടെങ്കിലും ഔദ്യോഗിക പ്രസ് കോൺഫറൻസുകളിലടക്കം അദ്ദേഹം ഉപയോഗിക്കാറുള്ളത് സ്വന്തം ട്വിറ്റർ അക്കൗണ്ടാണ്. ട്വീറ്റർ ഇൻ ചീഫ എന്നാണ് ഒരു വിഭാഗം പ്രസിഡന്റ് ട്രംപിനെ വിളിക്കാറുള്ളത്. 
ട്രംപും വൈറ്റ് ഹൗസും നീതിന്യായ മന്ത്രാലയവും ഇനി സുപ്രീം കോടതിയിൽ അപ്പീൽ പോകുമോ എന്നു വ്യക്തമല്ല. വിമർശകരെ ഒഴിവാക്കാൻ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സാധാരണ ഉപയോഗിക്കാറുള്ള ബ്ലോക്ക് ബട്ടൺ സംബന്ധിച്ച ഉത്തരവ് രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചക്ക് കാരണമാകും. പ്രസിഡന്റ് ബ്ലോക്ക് ചെയ്യാൻ പാടില്ലെന്ന ഉത്തരവ് മറ്റു രാഷ്ട്രീയ നേതാക്കൾക്കും ബാധകമാണോയെന്നും വ്യക്തമായിട്ടില്ല. 
ബ്ലോക്ക് ചെയ്ത പല പ്രമുഖർക്കെതിരേയും കോടതികളിൽ കേസ് നിലവിലുണ്ട്. 

 

Latest News