ബംഗളൂരു- കർണാടകയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രണ്ട് എം.എൽ.എമാർ കൂടി രാജി സമർപ്പിച്ചു. കോൺഗ്രസ് എം.എൽ.എമാരായ കെ. സുധാകറും എം.ടി.ബി. നാഗരാജുമാണ് സ്പീക്കറെ കണ്ട് രാജിവെച്ചത്. വിമതരുമായുള്ള കോൺഗ്രസിന്റെ എല്ലാ അനുനയ ശ്രമങ്ങളും പാളിയിരിക്കുകയാണ്.
വിമത എം.എൽ.എമാർ കഴിയുന്ന മുംബൈയിലെ റിനൈസൻസ് ഹോട്ടലിനു മുന്നിൽ തങ്ങിയ കോൺഗ്രസ് നേതാവും കർണാടക എം.എൽ.എയുമായ ഡി.കെ. ശിവകുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. വിമത എം.എൽ.എമാരെ കാണുന്നതിനും ചർച്ച ചെയ്യുന്നതിനുമായിരുന്നു അദ്ദേഹം അവിടെ എത്തിയിരുന്നത്. എന്നാൽ അദ്ദേഹത്തിന് കാണാൻ സാധിച്ചില്ല. മഴ പോലും അവഗണിച്ച് ആറ് മണിക്കൂർ ഹോട്ടലിന് മുന്നിൽ അദ്ദേഹം നിന്നിരുന്നു. ഇതിനകം പതിനാറ് എം.എൽ.എമാർ രാജി സമർപ്പിച്ചു. പതിമൂന്ന് കോൺഗ്രസ് എം.എൽ.എമാരും ജെ.ഡി.എസിൽ നിന്നുള്ള മൂന്ന് പേരും. ഹോട്ടലിൽ മുറി ബുക്ക് ചെയ്തിട്ടാണ് എത്തിയതെങ്കിലും കാരണം വ്യക്തമാക്കാതെ അധികൃതർ അത് റദ്ദാക്കിയിരുന്നു. ഹോട്ടലിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നാലുപേരിൽ കൂടുതൽ ആളുകൾ പ്രദേശത്ത് സംഘം ചേരുന്നതാണ് നിരോധിച്ചിരിക്കുന്നത്. ഹോട്ടലിന് മുൻപിൽ നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. തിരികെ പോകണമെന്ന് ശിവകുമാറിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവകുമാർ ഇത് നിരസിച്ചു. തുടർന്നായിരുന്നു നടപടി. വധഭീഷണിയുണ്ടെന്ന വിമത എം.എൽ.എമാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശിവകുമാറിനെ തടഞ്ഞതെന്നായിരുന്നു പോലീസ് പറഞ്ഞത്. ശിവകുമാറിനെ കാണേണ്ടതില്ലെന്ന തങ്ങളുടെ തീരുമാനത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് പറഞ്ഞ് വിമത എം.എൽ.എ ബി. ബസവരാജ് രംഗത്തെത്തി. ഡി.കെ. ശിവകുമാറിനെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല അത് ചെയ്തത്.
അദ്ദേഹത്തിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്നും ബി. ബസവരാജ് പറഞ്ഞു. അതേസമയം കർണാടകയിൽ നിലവിൽ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികൾക്ക് കാരണക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്ന് കർണാടക കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു ആരോപിച്ചു. വിമത എം.എൽ.എമാർക്ക് വിമാന ടിക്കറ്റ് എടുത്തുകൊടുത്തതും ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്തതും ബി.ജെ.പിക്കാർ ആണെന്നും അദ്ദേഹം ആരോപിച്ചു. കർണാടക സ്പീക്കർ രമേശ് കുമാറിനെതിരെ വിമത എം.എൽ.എമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. രാജി അംഗീകരിക്കാൻ വിസമ്മതിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം. ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടെന്നാണ് ഇവർ ഹരജിയിൽ ആരോപിക്കുന്നത്. പല രാജിക്കത്തുകളും ശരിയായ ഫോർമാറ്റിലുള്ളതോ നടപടിക്രമങ്ങൾ പാലിച്ചിട്ടുള്ളതോ അല്ലെന്നും എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു. ആരുടെയും രാജി അംഗീകരിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
അതിനിടെ ഇന്നലെ രാജിവെച്ച രണ്ടു കോൺഗ്രസ് എം.എൽ.എമാരിൽ കെ. സുധാകറിനെ കോൺഗ്രസ് നേതാക്കൾ പൂട്ടിയിട്ടിരുന്നു. രാത്രി വൈകി സുധാകറിനെ ഗവർണറുടെ നിർദേശ പ്രകാരം പോലീസെത്തി മോചിപ്പിച്ചു. എം.എൽ.എയെ രാജ്ഭവനിൽ എത്തിക്കാനാണ് പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയത്. മന്ത്രി കെ.ജെ. ജോർജിന്റെ മുറിയിൽ നിന്നുമാണ് സുധാകറിനെ കൊണ്ടുപോയത്.
രാജിവെച്ച കോൺഗ്രസ് എം.എൽ.എമാരായ കെ. സുധാകറിനെയും എം.ടി.ബി. നാഗരാജിനെയും അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമം നടത്തിയിരുന്നു. കെ.പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു സുധാകറിനെ കണ്ടിരുന്നു. രാജിവെയ്ക്കാനെത്തിയ സുധാകറിനെ കോൺഗ്രസ് നേതാക്കൾ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു.
അതേ സമയം മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഡി.കെ. ശിവകുമാറിനെ രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വിട്ടയച്ചു. എം.എൽ.എമാരെ കാണാൻ ആഗ്രഹമുണ്ടെങ്കിലും തൽക്കാലം മുംബൈ പോലീസ് നിർദേശിച്ച പ്രകാരം ബംഗളൂരുവിലേക്ക് മടങ്ങുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. ബംഗളൂരുവിലെ രാജ്ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് സ്പീക്കർ രമേശ് കുമാർ പറഞ്ഞു. ബി.ജെ.പി ആവശ്യപ്പെടുന്നതനുസരിച്ച് തീരുമാനം കൈക്കൊള്ളാൻ കഴിയില്ല. നിയമപരമായേ മുന്നോട്ട് പോകൂ. ഇനിയും എത്ര പേർ രാജിക്കത്തുമായി വന്നാലും സ്വീകരിക്കുമെന്നും സ്പീക്കർ രമേശ് കുമാർ പറഞ്ഞു. രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി തങ്ങളുടെ നിയമസഭാംഗത്വം രാജിവെച്ചതോടെ രാജിവെച്ച വിമത എം.എൽ.എമാരുടെ എണ്ണം 16 ആയി.
സഖ്യ സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ഗവർണർ വാജുഭായ് വാലയെ സമീപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ കണ്ടത്. സർക്കാരിനെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും വിശ്വാസ വോട്ടെടുപ്പിന്റെ സാധ്യത ഉദിക്കുന്നില്ലെന്നും സംഘം ഗവർണറോട് വ്യക്തമാക്കി. എം.എൽ.എമാരുടെ രാജി സ്വീകരിക്കാൻ സ്പീക്കറോട് ആവശ്യപ്പെടണമെന്നും സംഘം ഗവർണറോട് അഭ്യർത്ഥിച്ചു. നാല് പേജുള്ള നിവേദനവും സംഘം കൈമാറി.