ഭോപ്പാല്‍- മധ്യപ്രദേശില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മോവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയുള്‍പ്പെടെ രണ്ടു പേരാണ് മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയില്‍ നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പോലീസ് അന്വേഷിച്ചു വരുന്ന മങ്കേഷ്, വനിതാ മാവോയിസ്റ്റ് നന്ദേ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരും ഛത്തീസ്ഗഢില്‍ നിന്നും എട്ടു ലക്ഷം രൂപ കടത്തുന്നതിടയിലാണ് പോലീസ് കെണിയില്‍ പെട്ടത്. മധ്യപ്രദേശ് പോലീസ് സേനക്ക് കീഴിലെ സ്‌പെഷ്യല്‍ മാവോയിസ്റ്റ് വിരുദ്ധ സംഘമാണ് ഇവരെ വെടിവെച്ചത്.
ഇടതൂര്‍ന്ന വനമായ ലഞ്ചിയില്‍ 12 മാവോയിസ്റ്റുകളുമായി സ്‌പെഷ്യല്‍ സേന ഏറ്റുമുട്ടിയതായി പോലീസ് അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷപ്പെടുകയുമായിരുന്നു. കനത്ത മഴയും ഇടതൂര്‍ന്ന വനത്തിലെ ഇരുട്ടുമാണ് ഇവര്‍ രക്ഷപ്പെടാന്‍ കാരണമെന്നു ബാലഘട്ട് പോലീസ് സൂപ്രണ്ട് അഭിഷേക് തിവാരി പറഞ്ഞു. 50 റൗണ്ട് പോലീസ് വെടി വെച്ചതായും കൊല്ലപ്പെട്ടവരില്‍ നിന്നും തിരകള്‍ നിറച്ച തോക്ക് കണ്ടെത്തിയതായും പോലീസ് പറഞ്ഞു. മധ്യപ്രദേശില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണ് ബാലഘട്ട് , മണ്ഡല ജില്ലകള്‍.