പെൺകുട്ടികൾ ഓരോ ദിവസവും അതിക്രമങ്ങൾക്കിരയാവുന്ന ലോകമാണിന്ന്. അവർ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന വാർത്ത ദിവസവും മാധ്യമങ്ങളിൽ നിറയുന്നു. സമൂഹ മനഃസാക്ഷിയെ മഥിക്കുന്ന ഈ വിഷയത്തിലേക്കു തന്നെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുകയാണ് പ്രവാസിയും നവാഗത സിനിമാ നിർമാതാവുമായ സുനീഷ് സാമുവൽ, 'ചിലപ്പോൾ പെൺകുട്ടി' എന്ന ചിത്രത്തിലൂടെ.
ജമ്മു കശ്മീരിലെ കത്‌വയിൽ എട്ടു വയസ്സുകാരി ആസിഫ ബാനു ക്രൂര ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്ത ലോക മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച കേസിനെ ആസ്പദമാക്കിയാണ് ഈ ചിത്രം. പെൺകുട്ടികളുടെ ജീവിതം പോലെ തന്നെ ഈ ചിത്രവും നിരന്തരം വെല്ലുവിളികൾ നേരിട്ടു. ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ചിത്രം ജൂലൈ 19 ന് തിയേറ്ററുകളിലെത്തുമ്പോൾ നിർമാതാവ് സുനീഷിന് അത് ജീവിത സാഫല്യമാവുകയാണ്. പെൺകുട്ടികളുടെ സുരക്ഷക്കു വേണ്ടി ഒരു പുതിയ നിയമത്തിന് രൂപം നൽകാൻ അധികാരികളുടെ കണ്ണ് തുറപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ സുനീഷ് അഭിനയിക്കുന്നുമുണ്ട്.
നിരവധി ടി.വി പരമ്പരകളും റിയാലിറ്റി ഷോകളും സ്ത്രീപക്ഷ പരിപാടികളും ചെയ്തിട്ടുള്ള പ്രസാദ് നൂറനാടാണ് ചിലപ്പോൾ പെൺകുട്ടിയുടെ സംവിധായകൻ.
ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു പെൺകുട്ടിക്കോ സ്ത്രീക്കോ പ്രായഭേദമില്ലാതെ ഏതു നിമിഷവും സംഭവിക്കാവുന്ന ഈ ദുരന്തത്തെ ഈ സിനിമ ചർച്ചയാക്കുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളിലൂടെയാണ് ചിലപ്പോൾ പെൺകുട്ടിയുടെ കഥ പുരോഗമിക്കുന്നത്. നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടേക്കാവുന്ന കുറ്റവാളികളെ, കുട്ടികൾ തന്നെ നടത്തുന്ന അന്വേഷണത്തിലൂടെ കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശക്തമായ പ്രമേയവുമായി ഒരു വലിയ വിഭാഗം സമൂഹത്തിന്റെ പിന്തുണയോടുകൂടിയാണ് ഒരുകൂട്ടം ചെറുപ്പക്കാർ ഈ സിനിമയുമായി മുന്നോട്ടിറങ്ങുന്നത്. സിനിമ നിർമാണം പൂർത്തിയായെങ്കിലും ചില കോണുകളിൽ നിന്നും വെല്ലുവിളികളും പ്രതിഷേധങ്ങളും ഉയർന്നതോടെ പ്രദർശനം നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ വർഷം മെയ് 16 ന് ആരംഭിച്ച ചിത്രീകരണം കേരളത്തിലും കശ്മീരിലുമായാണ് പൂർത്തിയാക്കിയത്. എന്നാൽ സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ റിലീസ് നീണ്ടു. സിനിമയിൽ മൃഗങ്ങളെ ഉപയോഗിച്ചു എന്ന കാരണത്താൽ ഫരീദാബാദിലുള്ള അനിമൽ വെൽഫെയർ ബോർഡിന്റെ എൻ.ഒ.സിക്കായി വിടുകയായിരുന്നു. നിർമാതാവ് എൻ.ഒ.സിക്കായി ശ്രമിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞു ഏഴു മാസത്തോളം സർട്ടിഫിക്കറ്റ് നൽകാതെ വൈകിപ്പിച്ചു. അവസാനം പലരുടെയും ഇടപെടൽ മൂലമാണ് എൻ.ഒ.സി ലഭ്യമായത്. ഇതിനിടയിൽ ട്രെയിലറിൽ കശ്മീർ, കത്‌വ, ആസിഫ വിഷയങ്ങൾ റീജണൽ കമ്മിറ്റി തടഞ്ഞു. നടി ഗൗതമി അടങ്ങുന്ന ചെന്നൈ കമ്മിറ്റി സിനിമ മുഴുവൻ കണ്ട് തീരുമാനമെടുക്കാൻ തിരുവനന്തപുരം റീജണൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും രേഖാമൂലം ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് 2018 ൽ സെൻസർ ചെയ്യാതെ തഴയുകയായിരുന്നു.
ഇതിനിടെ ചിത്രം കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്യാനായി പരസ്യം ചെയ്യുകയും കേരളത്തിലെ പല സ്ഥലങ്ങളിലും ഫഌക്‌സുകൾ സ്ഥാപിക്കുകയും ചെയ്‌തെങ്കിലും വീണ്ടും തടയപ്പെട്ടു. നിർമാതാവിന്റെയും സംവിധായകന്റെയും ശ്രമഫലമായി ചെന്നൈ കമ്മിറ്റി സെൻസർ നടത്താൻ ആവശ്യപ്പെടുകയും ഈ വർഷം ജനുവരി 16 ന് തിരുവനന്തപുരം കൈരളി നിള തിയേറ്ററിൽ സിനിമ സെൻസർ ചെയ്യുകയും ചെയ്തു. എന്നാൽ സാങ്കേതികത്വം പറഞ്ഞ് സെൻസർ കമ്മിറ്റി വീണ്ടും പ്രദർശനാനുമതി നിക്ഷേധിക്കുകയായിരുന്നു. സിനിമ മുംബൈയുള്ള കേന്ദ്ര സെൻസർ ബോർഡ് ചെയർമാന് അയച്ചുവെന്നും അവിടെനിന്നാവും അന്തിമ തീരുമെന്നുമായിരുന്നു അറിയിപ്പ്. ഇതേ തുടർന്ന് നിർമാതാവ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയും അദ്ദേഹം സാംസ്‌കാരിക മന്ത്രിക്ക് കൈമാറുകയും ചെയ്തു. ഒടുവിൽ എല്ലാ വെല്ലുവിളികളെയും തരണം ചെയ്ത് പ്രദർശനാനുമതി ലഭിച്ചതോടെ സിനിമയുടെ അണിയറ പ്രവർത്തകർ ഏറെ ആഹ്ലാദത്തിലാണ്. ഇതിനകം അനു സിത്താരയുടെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ട്രെയിലർ വൈറലായിക്കഴിഞ്ഞു.
സമൂഹത്തിൽ ജീവിക്കുന്ന ഓരോ കുടുംബത്തെയും ലക്ഷ്യമിടുന്നതാണ് ഈ ചിത്രമെന്നും ഇതിലെ മുഖ്യ കഥാപാത്രമായ പെൺകുട്ടിയുടെ ഓരോ ചോദ്യവും മാതാപിതാക്കളുടെയും കുട്ടികളുടെയും ഉത്തരവാദിത്തത്തിലേക്കും പ്രതികരണ ശേഷിയിലേക്കും വിരൽ ചൂണ്ടുന്നതാണെന്നും നിർമാതാവ് സുനീഷ് പറയുന്നു. ചിത്രത്തിൽ സബ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ എന്ന വേഷമാണ് സുനീഷിന്.
എം. കമറുദ്ദീൻ കഥയും തിരക്കഥയും എഴുതി പുതുമുഖങ്ങൾക്ക് ഏറെ പ്രധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ കൃഷ്ണചന്ദ്രൻ, സുനിൽ സുഗത, അരിസ്റ്റോ സുരേഷ്, ശിവ മുരളി, ലക്ഷ്മി പ്രസാദ് തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. കശ്മീർ പെൺകുട്ടിയെ അവതരിപ്പിച്ചിരിക്കുന്നതു സമ്രീൻ രതീഷാണ്. ചിത്രത്തിലെ മറ്റു പ്രധാനപ്പെട്ട രണ്ട് പെൺകുട്ടികൾ കലോത്സവ വേദികളിലും റിയാലിറ്റി ഷോകളിലും സുപരിചിതരായ ആവണിയും കാവ്യയുമാണ്. ഒരിടവേളക്കു ശേഷം മലയാള സിനിമയിലേക്ക് കൃഷ്ണചന്ദ്രന്റെ ശക്തമായ തിരിച്ചുവരവാണ് ചിലപ്പോൾ പെൺകുട്ടിയിലെ ഗംഗൻ എന്ന കഥാപാത്രം.
വൈക്കം വിജയലക്ഷ്മി ആദ്യമായി ഹിന്ദി ഗാനം ആലപിച്ചെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സോഷ്യൽ മീഡിയയിലൂടെ ശങ്കർ മഹാദേവന്റെ ഉന്നൈ കാണാതെ എന്ന ഗാനം പാടി ശ്രദ്ധേയനായ രാകേഷ് ഉണ്ണി പിന്നണി ഗായകനായതും ചിലപ്പോൾ പെൺകുട്ടിയിലൂടെയാണ്. ദമാം ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിയും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഗായികയുമായ ജിൻഷ ഹരിദാസ്, അർച്ചന വി. പ്രകാശ്, അഭിജിത്ത് കൊല്ലം, അജയ് തിലക് എന്നിവരാണ് മറ്റു ഗായകർ. മുരുകൻ കാട്ടാക്കട, രാജീവ് ആലുങ്കൽ, എസ്.എസ് ബിജു, ഡോ. ശർമ്മ എന്നിവരാണ് ഗാനങ്ങൾ രചിച്ചത്. അജയ് സരിഗമയാണ് സംഗീതം. ക്യാമറ ശ്രീജിത്ത് ജി നായർ. ട്രൂലൈനു വേണ്ടി വൈശാഖ് സിനിമാസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുക.
25 വർഷമായി ദമാമിൽ കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ്‌ലിനിൽ ജോലി ചെയ്യുന്ന സുനീഷ് സമുവലിന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് ഈ സിനിമയിലൂടെ യാഥാർത്ഥ്യമാവാൻ പോവുന്നത്. ഭാര്യയും രണ്ടു പെൺമക്കളും ഒരു മകനുമായി ദമാമിൽ താമസിക്കുന്ന സുനീഷ് കലാ സാംസ്‌കാരിക രംഗങ്ങളുമായി നേരത്തെ അടുപ്പം പുലർത്തിയിരുന്നു.