ആതൻസ്- കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന ഗ്രീസിന് വീണ്ടും യാഥാസ്ഥിതിക പ്രധാനമന്ത്രി. ന്യൂ ഡെമോക്രാറ്റിക് കക്ഷി നേതാവ് കിരിയാകോസ് മിറ്റ്‌സോടാകിസ് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്ത് പരിവർത്തനം നടപ്പിൽ വരുത്താനുള്ള ശക്തമായ വിധിയെഴുത്താണ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയതെന്നും, അത് തങ്ങൾ പൂർണമായും പാലിക്കുമെന്നും അധികാരമേറ്റുകൊണ്ട് നടത്തിയ പ്രസംഗത്തിൽ 51 കാരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ന്യൂ ഡെമോക്രാറ്റുകൾ, അലെക്‌സിസ് സിപ്രാസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരിനെ പുറത്താക്കി അധികാരത്തിൽ തിരിച്ചെത്തിയത്. 300 അംഗ പാർലമെന്റിൽ ന്യൂ ഡെമോക്രാറ്റുകൾക്ക് 158 സീറ്റുകൾ കിട്ടിയപ്പോൾ, സിപ്രാസിന്റെ സിരിസ പാർട്ടിയുടെ അംഗബലം 144ൽ നിന്ന് 86 ആയി കുറഞ്ഞു.
കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ യൂറോപ്യൻ യൂനിയന്റെ നിർദേശ പ്രകാരം സിപ്രാസ് സർക്കാർ സ്വീകരിച്ച കടുത്ത ചെലവു ചുരുക്കൽ നടപടികളോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഗ്രീസിനെ പുരോഗതിയുടെ പാതയിലേക്ക് തിരികെ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് മിറ്റ്‌സോടാകിസ് പറഞ്ഞു. എന്നാൽ 335 ബില്യൺ യൂറോയുടെ ഭീമമായ പൊതു കടമുള്ള ഗ്രീസിനെ എങ്ങനെ രക്ഷപ്പെടുത്താനാവുമെന്ന് വ്യക്തമല്ല.
ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ മിറ്റ്‌സോടാകിസ് അധികാരത്തിലെത്തുന്നതോടെ ഗ്രീക്ക് രാഷ്ട്രീയത്തിൽ കുടുംബ വാഴ്ചക്കും തുടക്കം കുറിക്കുകയാണ്. മുൻ പ്രധാനമന്ത്രി കോൺസ്റ്റന്റൈൻ മിറ്റ്‌സോടാകിസിന്റെ മകനാണ് കിരിയാകോസ് മിറ്റ്‌സോടാകിസ്. അദ്ദേഹത്തിന്റെ സഹോദരി ഡോറ ബകോയാനിസ് മുൻ മന്ത്രിയും ആതൻസിലെ ആദ്യ വനിതാ മേയറുമാണ്.