ലണ്ടൻ- യാത്രക്കാരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളടക്കം വ്യക്തിപരമായ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബ്രിട്ടീഷ് എയർവെയ്‌സിന് വൻ തുക പിഴ. 18.339 കോടി പൗണ്ടാണ് (1577 കോടിയോളം രൂപ) യു.കെയിലെ ഇൻഫർമേഷൻ കമ്മീഷണർ ഓഫീസ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കംപ്യൂട്ടർ ഹാക്കർമാർ ബ്രിട്ടീഷ് എയർവെയ്‌സിന്റെ കംപ്യൂട്ടറുകളിൽ നിന്ന് യാത്രക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിലാണ് ഇത്ര ഭീമമായ പിഴ കമ്പനിക്ക് ഒടുക്കേണ്ടി വരുന്നത്. വ്യക്തിപരമായ കാര്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ബാധ്യസ്ഥതയുള്ളവർ ആ ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ടെന്ന് ഇൻഫർമേഷൻ കമ്മീഷണർ എലിസബത്ത് ഡെൻഹാം പറഞ്ഞു.
ബ്രിട്ടീഷ് എയർവെയ്‌സിന്റെ 2017 ലെ വാർഷിക വിറ്റുവരവിന്റെ 1.5 ശതമാനത്തിന് തുല്യമായ തുകയാണ് ഇപ്പോൾ പിഴ ചുമത്തിയിരിക്കുന്നതെന്ന് ബി.എയുടെ മാതൃസ്ഥാപനമായ ഐ.എ.ജി വെളിപ്പെടുത്തി. ഐ.എ.ജിയുടെ കഴിഞ്ഞ വർഷത്തെ ലാഭത്തിന്റെ ഏഴ് ശതമാനവും. ഇൻഫർമേഷൻ കമ്മീഷണറുടെ തീരുമാനത്തിനെതിരെ ബന്ധപ്പെട്ടവർക്ക് അപ്പീൽ നൽകുമെന്ന് ഐ.എ.ജി ചീഫ് എക്‌സിക്യൂട്ടീവ് വില്ലി വാൽഷ് പറഞ്ഞു.