ലോകത്തെ എട്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ, കിയാ മോട്ടോഴ്‌സിന്റെ സെൽറ്റോസ് ഇക്കൊല്ലം രണ്ടാം പകുതിയിൽ വിപണിയിലെത്തും. ഇന്ത്യക്കു വേണ്ടി രൂപകൽപന ചെയ്ത സെൽറ്റോസിൽ ലോകത്തിലെ തന്നെ ആദ്യമെന്ന് പറയാവുന്ന ഒട്ടേറെ ഘടകങ്ങൾ ഉണ്ട്. കാറിലെ ഹെഡ്‌സ്അപ് ഡിസ്‌പ്ലേ ഡ്രൈവറുടെ പൂർണ ശ്രദ്ധ റോഡിലേയ്ക്കു മാത്രമാക്കി മാറ്റും. ഹൈടെക് സൗണ്ട് മൂഡ് ലാംപ് ആണ് മറ്റൊരു ഘടകം. ഡ്രൈവറുടെ മനസ്സ് അറിഞ്ഞ് പ്രകാശം ക്രമീകരിക്കാൻ ഇതിനു കഴിയും. പിൻഭാഗത്തെ കർട്ടൻ, പിറകിലിരിക്കുന്ന യാത്രക്കാരെ കഠിനമായ പ്രകാശ രശ്മികളിൽ നിന്നു രക്ഷിക്കും. കിയയുടെ മാത്രം ആഗോള സാങ്കേതിക വിദ്യ ആയ യുവോ ആപ് സെൽറ്റോസിൽ ഉണ്ട്. എസ് ഒ എസ,് ആർ എസ് എ, ഐ ആർ വി എം തുടങ്ങിയ അടിയന്തര സേവനങ്ങളും ഒപ്പമുണ്ട്.
ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ തദ്ദേശീയമായി നിർമിച്ചവയാണ് കിയാ സെൽറ്റോസ്. സ്‌റ്റൈലിഷ,് ഡിസൈൻ, വിശാലമായ ഉൾഭാഗം, ലോകോത്തര സുരക്ഷാ ഘടകങ്ങൾ എന്നിവ സെൽറ്റോസിനെ വ്യത്യസ്തമാക്കുന്നു. ആഗോള വിപണിയിലും 2019 നാലാം പാദത്തോടെ സെൽറ്റോസ് എത്തും. 160 നഗരത്തിലായി 265 വിൽപന സർവീസ് കേന്ദ്രങ്ങളാണ് കിയയ്ക്കുള്ളത്. 11 മുതൽ 16 ലക്ഷം വരെയാണ് ഷോറൂം വില. അനന്തപൂർ കിയാ പ്ലാന്റിൽ 3 ലക്ഷം കാറുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള പ്ലാന്റ് കൂടിയാണ് കിയയുടേത്. ഓരോ ആറു മുതൽ ഒൻപതു മാസം കൂടുമ്പോൾ ഓരോ പുതിയ കാർ വീതം ഇറക്കാനാണ് ഉദ്ദേശ്യമെന്ന് കിയാ മോട്ടോഴ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി എസ് ഒ യുമായ യോങ് എസ് കിം, ഹെഡ് ഓഫ് സെയിൽസ് ആന്റ് മാർക്കറ്റിങ്ങും വൈസ് പ്രസിഡന്റുമായ മനോഹർ ഭട്ട് എന്നിവർ പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇരുപത്താറു നഗരങ്ങളിലായി 13,000 കിലോമീറ്റർ റോഡ് ഷോ നടത്തുകയും പതിനായിരത്തിലേറെ ഉപഭോക്താക്കളെ കിയയിലേക്ക് കൊണ്ടുവരുവാനും കമ്പനിക്ക് സാധിച്ചുവെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം മാത്രം 2.6 ദശലക്ഷം കാറുകളാണ് വിപണിയിലെത്തിച്ചത്. 2025 ഓടെ 16 ഇലക്ട്രിക് വാഹനങ്ങളാണ് വിപണിയിലെത്തിക്കുന്നത്.