ദുബായ് - മധ്യപൗരസ്ത്യ ദേശത്തെ ഇക്കൊല്ലത്തെ മുൻനിര ഇന്ത്യൻ ബിസിനസുകാരുടെ പട്ടിക ഫോർബ്‌സ് മിഡിൽ ഈസ്റ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തന്നെയാണ് ഒന്നാം സ്ഥാനത്ത്.
ഡോ. ബി.ആർ ഷെട്ടി, സുനിൽ വാസ്വാനി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രവി പിള്ള, പി.എൻ.സി. മേനോൻ, ഡോ. ആസാദ് മൂപ്പൻ, ഡോ. ഷംഷീർ വയലിൽ, അദീബ് അഹമ്മദ്, ഷംലാൽ അഹമ്മദ് ഡോ. സിദ്ദീഖ് അഹമ്മദ് എന്നിവർ ആദ്യ ഇരുപത് പേരിൽ ഇടം നേടിയ മലയാളികളാണ്. ഫൈസൽ കൊട്ടിക്കൊള്ളൻ, ലാലു സാമുവൽ, സോഹൻ റോയ്, കൊറാത്ത് മുഹമ്മദ് തുടങ്ങിയ മലയാളികളും മികച്ച ബിസിനസുകാരുടെ ലിസ്റ്റിലുണ്ട്. ദുബായിൽ നടന്ന ഫോർബ്‌സ് മാസികയുടെ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിംഗ് സൂരി, ശൈഖ് മുഹമ്മദ് ബിൻ മഖ്തൂം ബിൻ ജുമാ അൽ മഖ്തൂം തുടങ്ങിയവരും സംബന്ധിച്ചു.
ഗൾഫ് മേഖലയിൽ ഇന്ത്യൻ ബിസിനസുകാർ കൈവരിച്ച നേട്ടങ്ങൾ ഏറെ പ്രയോജനപ്രദമാണെന്ന് നവ്ദീപ് സിംഗ് സൂരി പ്രശംസിച്ചു.